കോഴിക്കോട്:
സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരേ വിവാദപരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് കല്ലായി. വഖഫ് സംരക്ഷണ റാലിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സമ്മേളനത്തിനിടെയാണ് അധിക്ഷേപ പരാമര്‍ശം ഉന്നയിച്ചത്. ‘റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും, സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള് ഉപയോഗിക്കണം’ എന്നും അബ്ദുറഹിമാന് പറഞ്ഞു.
സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീം കോടതി അംഗീകരിച്ചപ്പോള്‍ അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്ഐയാണെന്നും അദ്ദേഹം പറഞ്ഞു. ആയിരം പിണറായി വിജയന്മാര് ഒരുമിച്ച് നിന്നാലും ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യവുമായാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വഖഫ് സംരക്ഷണ റാലി നടത്തിയത്.
‘ചെത്തുകാരന് കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തുകളിച്ചോ സൂക്ഷിച്ച്
, സമുദായത്തിന് നേരെ വന്നാല്‍ കത്തിക്കും’-എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. മുന്‍മന്ത്രി കെടി ജലീലിനെതിരെയും ലീഗ് പ്രവര്‍ത്തകര്‍ മുദ്രാവാക്യമുയര്‍ത്തി.
നവംബര്‍ 9 നാണ് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനമായത്. ഇതുസംബന്ധിച്ച ബില്‍ നിയമസഭ ശബ്ദ വോട്ടോടെ പാസ്സാക്കുകയായിരുന്നു. ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ ലീഗിന്റെ നേതൃത്വത്തിലുള്ള മതസംഘടനകള്‍ യോഗം ചേരുകയും സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചരണം നടത്തുമെന്നും അറിയിച്ചു. എന്നാല്‍ പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സമസ്ത പിന്മാറിയത് ലീഗിന് വലിയ തിരിച്ചടി നല്‍കിയിരുന്നു.