INDIA

ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യ മധുലികക്കും രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതി; ആദ്യ സംയുക്ത സേനാ മേധാവിക്ക് അവസാന യാത്ര ഒരുക്കി സേന

ന്യൂഡല്‍ഹി:  സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനും ഭാര്യ മധുലികക്കും രാജ്യം വിട നല്‍കി. രാവിലെ 11 മണിയോടെ ഡല്‍ഹിയിലെ കാമരാജ് മാര്‍ഗ് മൂന്നാം നമ്പര്‍ വസതിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് ആദരാഞ്ജലിയര്‍പ്പിച്ചത്. വിലാപയാത്രയുടെ അകമ്പടിയോടെ ബ്രാര്‍ സ്വകയറിലാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചടങ്ങുകള്‍ നടത്തുക. ആദരസൂചകമായി സൈന്യം പതിനേഴ് ഗണ്‍ സല്യൂട്ടുകള്‍ നല്‍കും. സൈന്യത്തിന്റെ ആദരവിന് ശേഷം മതപരമായ ചടങ്ങുകളും നടത്തി സംസ്‌കാരം പൂര്‍ത്തിയാക്കും. എണ്ണൂറോളം സൈനികരാണു സംസ്‌കാര ചടങ്ങുകളുടെ ഭാഗമാകുക. വിദേശ നയന്ത്ര പ്രതിനിധികളടക്കം
ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലദേശ് രാജ്യങ്ങളിലെ സൈനിക കമാന്‍ഡര്‍മാര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ എന്‍.ജി.ഒ കളില്‍ ഒന്നായ ആര്‍മി വൈഫ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക. സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായി മധുലിക പ്രവര്‍ത്തിച്ചു. സൈനിക വിധവകളെയും ഭിന്നശേഷിയുള്ള കുട്ടികളെയും സഹായിക്കുന്ന നിരവധി ക്ഷേമ പരിപാടികളുടെയും ക്യാംപെയ്നുകളുടെയും ഭാഗമായി മധുലിക റാവത്ത് പ്രവര്‍ത്തിച്ചിരുന്നു.

ഇന്ന് രാവിലെ ബ്രാര്‍ സ്‌ക്വയറില്‍ ബ്രിഗേഡിയര്‍ ലഖ്വീന്ദര്‍ സിങ്ങ് ലിഡ്ഡറുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

വെല്ലിംഗ്ടണിലെ സൈനികകോളേജില്‍ ഏറ്റവും പുതിയ കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിനിടെ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സംയുക്ത സൈനിക മേധാവിയുടെ സുരക്ഷാഭടന്‍മാര്‍ അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ വിദഗ്ദ ചികിത്സയ്ക്കായി ബാംഗ്ലൂരുവിലേക്ക് മാറ്റി.

ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലഫ് കേണല്‍ ഹര്‍ജീന്ദര്‍ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്‌ലൈറ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, പൈലറ്റ് വിങ് കമാന്‍ഡര്‍ ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close