INDIA

ബിഗ് സല്യൂട്ട് ജനറല്‍ ബിപിന്‍ റാവത്ത്; സമ്പൂര്‍ണ്ണ ബഹുമതികളോടെ യാത്ര നല്‍കി മൂന്ന് സേനകളും

ന്യൂഡല്‍ഹി: സമ്പൂര്‍ണ്ണ സൈനിക ബഹുമതികളോടെ മൂന്ന് സേനകളും സംയുക്തമായി ജനറല്‍ ബിപിന്‍ റാവത്തെന്ന സംയുക്ത സൈനിക മേധാവിക്ക് വിട നല്‍കി. കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയോടെ ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. വന്‍ ജനക്കൂട്ടമാണ് സൈനിക മേധാവിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തെ അനുഗമിച്ചത്. മക്കളായ കൃതികയും തരിണിയും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. ബ്രിഗേഡിയര്‍ റാങ്കിലുള്ള 12 ഉദ്യോഗസ്ഥര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. മതപരമായ ചടങ്ങുകള്‍ക്കായി വൈകിട്ട് 4.45 ഓടെ മൃതദേഹങ്ങള്‍ ഒരേ ചിതയിലേക്കെടുത്തു. 17 ഗണ്‍ സല്യൂട്ട് നല്‍കിയാണ് സൈന്യം രാജ്യത്തിന്റെ വീരപുത്രന് എന്നന്നേക്കുമായി വിടനല്‍കിയത്.

രാവിലെ മുതല്‍ സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമര്‍പ്പിക്കാനായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നൂറുകണക്കിന് പ്രമുഖര്‍ കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു.

എണ്ണൂറോളം സൈനികരാണു സംസ്‌കാര ചടങ്ങുകളുടെ ഭാഗമായത്. ഇതിനുപുറമേ വിദേശ നയന്ത്ര പ്രതിനിധികളടക്കം ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലദേശ് രാജ്യങ്ങളിലെ സൈനിക കമാന്‍ഡര്‍മാര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി 2020 ജനുവരി ഒന്നിനാണ് ബിപിന്‍ റാവത്ത് ചുമതലയേറ്റത്.

ബുധനാഴ്ച ഉച്ചയോടെയാണ് ഊട്ടിക്കു സമീപമുള്ള കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഇന്ന് രാവിലെ ബ്രാര്‍ സ്‌ക്വയറില്‍ ബ്രിഗേഡിയര്‍ ലഖ്വീന്ദര്‍ സിങ്ങ് ലിഡ്ഡെറുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

മരിച്ചവരില്‍ തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വാറന്റ് ഓഫിസര്‍ എ.പ്രദീപിന്റെ മൃതദേഹം നാളെ ജന്മനാടായ തൃശ്ശൂരില്‍ എത്തിക്കും.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close