കോഴിക്കോട്: ജാപ്പനീസ് ജീവിതവൈവിധ്യത്തെ തൊട്ടറിഞ്ഞ് കോഴിക്കോട് ബീച്ചില്‍ വേറിട്ട സാംസ്‌കാരിക സായാഹ്നം. ജാപ്പനീസ് ഭാഷാപഠന സാധ്യതകളെക്കുറിച്ചും ജപ്പാനിലെ തൊഴില്‍ സാധ്യതകളെക്കുറിച്ചും യുവാക്കളില്‍ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ജാപ്പനീസ് ലാംഗ്വേജ് അക്കാഡമിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി തുറമുഖ, പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജപ്പാന്‍ സംസ്‌കാരവും അവരുടെ പൈതൃകവും മലയാളികള്‍ക്ക് എന്നും പ്രിയങ്കരമാണെന്നും ഇത്തരം പരിപാടികള്‍ വലിയ സാധ്യതകളാണ് പകരുന്നതെന്നും മന്ത്രി പറഞ്ഞു.
ജാപ്പനീസ് എഴുത്തില്‍ ഉപയോഗിക്കുന്ന ചൈനീസ് ഭാഷാ ചിഹ്നങ്ങളായ കാഞ്ചിയെ മനസിലാക്കാനുള്ള ക്വിക്ക് ട്യൂട്ടോറിയല്‍, ചോപ്പ്സ്റ്റിക്ക് ഉപയോഗിക്കാനുള്ള ഇന്‍സ്റ്റന്റ് ട്രെയ്നിങ്ങും മത്സരവും, ജാപ്പനീസ് അനിമേഷന്‍ (അനിമെ) രചനാ മത്സരം, ജപ്പാനുമായി ബന്ധപ്പെട്ട മെമ്മറി ക്വിസ് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു.
ജപ്പാനിലെ പാര്‍ട്ട് ടൈം തൊഴിലവസരങ്ങളും സ്‌കോളര്‍ഷിപ്പുകളും’ എന്ന വിഷയത്തില്‍ എംഎസ്ജി കോളെജ് ലീഗ് ഇന്റര്‍നാഷണല്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ തെസ്സഇ യമനക ജപ്പാനിലെ മിയാസാക്കിയില്‍നിന്ന് ഓണ്‍ലൈനിലൂടെ സംസാരിച്ചു. ‘ഉന്നതവിദ്യാഭ്യാസം ജപ്പാനില്‍’, ‘ഇന്ത്യക്കാരുടെ ജപ്പാനിലെ അവസരങ്ങള്‍’ തുടങ്ങിയ വിഷയങ്ങളിലും പ്രഭാഷണം നടന്നു.
ജപ്പാന്‍ ഹബ്ബായുടെ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ പി.ഇ. മീനാക്ഷിയുടെ നേതൃത്വത്തില്‍ ജാപ്പനീസ് കരോക്കെ ബിച്ചിലെത്തിയവരുടെ മനം കവര്‍ന്നു.
ജെ.എല്‍.എ ഡയറക്ടര്‍ ഡോ. സുബിന്‍ വാഴയില്‍, അഭിരാം എ.പി, വിപിന്‍ വേണുഗോപാല്‍, വിഷ്ണു കെ.എം എന്നിവര്‍ സംസാരിച്ചു.