ന്യൂഡല്‍ഹി: സഹകരണ സംഘങ്ങള്‍ക്കു ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ റിസര്‍വ് ബാങ്ക് നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് ധനമന്ത്രിയുടെ പരസ്യ പ്രസ്താവന. ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങള്‍ അതിനാല്‍ തന്നെ ബാങ്കിംഗ് ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് അംഗീകാരവുമില്ലെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
2020 സെപ്റ്റംബറില്‍ നിലവില്‍ വന്ന ബാങ്കിങ് റഗുലേഷന്‍ ഭേദഗതി പ്രകാരമാണ് സഹകരണ സംഘങ്ങള്‍ക്കു ബാങ്കിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഭേദഗതി ചട്ടം കേരളത്തില്‍ നടപ്പാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രി രംഗത്തെത്തിയത്.
1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴു പ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക. നിക്ഷേപം സ്വീകരിക്കുന്നതില്‍ ആര്‍ബിഐ സഹകരണ സംഘങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000 വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതാണ് ആര്‍.ബി.ഐ നിലപാട്.