കല്‍പ്പറ്റ: വയനാട്ടിലേക്ക് ഇടക്കിടെ വരുന്ന വിവിഐപി വിനോദ സഞ്ചാരി മാത്രമാണ് രാഹുല്‍ ഗാന്ധി. പ്രകൃതിദുരന്തങ്ങളും, കൊവിഡും തകര്‍ത്ത വയനാടിന്റെ ദുരിതമകറ്റുക രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തി മണ്ഡലത്തില്‍ വരുന്ന കാര്യമല്ലാതായെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ കാള്‍ ദീദി സേവ് ഇന്ത്യ സംസ്ഥാന കണ്‍വീനര്‍ സി ജി ഉണ്ണി പറഞ്ഞു.
ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉറപ്പ് നല്കി വയനാട്ടില്‍ നിന്ന് എം പിയായി മാറിയ രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
മതന്യൂപനപക്ഷങ്ങളും പിന്നാക്ക വിഭാഗക്കാരും ഏറെയുള്ള വയനാട്ടില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ലോക്സഭയിലെത്തിയ രാഹുല്‍ താനൊരു ഹിന്ദുവാണെന്ന് പ്രഖ്യാപിക്കാനും ധൈര്യം കാണിച്ചിരിക്കുന്നു. ഇത് വയനാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമായെന്നും സി ജി പറഞ്ഞു.
കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്ക് പനമരത്ത് ഇസഡ്കോ റസിഡന്‍സി ഹാളില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം കെ അലി അധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ കേന്ദ്ര-കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍ കൊണ്ടുവരാനും ശാശ്വത പരിഹാരം കാണുന്നതിനും തൃണമൂല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു. വന്യമൃഗശല്യം, ആദിവാസികളെ സ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തുക, രാത്രിയാത്ര നിരോധനം, റെയില്‍വേ യാഥാര്‍ഥ്യമാക്കണം തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് സി പി മത്തായി, ജനറല്‍ സെക്രട്ടറി സന്ധ്യ കല്‍പ്പറ്റ, സെക്രട്ടറി രാജു തൊണ്ടര്‍നാട് എന്നിവര്‍ പ്രസംഗിച്ചു.
കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ ജില്ലാ കണ്‍വീനറായി ഒ പി വാസുദേവനെ (കേരള കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ബില്‍ഡിംഗ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ഐ എന്‍ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി), കണ്‍വീനറായും പി വൈ എല്‍ദോ (നിര്‍മാണ തൊഴിലാളി യൂണിയന്, ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി) ജോയിന്റ് കണ്‍വീനറായും ഹര്‍ഷാദ് കടന്നോളിയെ യുവജനവിഭാഗം കണ്‍വീനറായും യോഗം തെരഞ്ഞെടുത്തു.
എം എസ് മോഹന്‍ദാസ്, പ്രദീപ് കാട്ടിക്കുളം, പി എം രാജേഷ്, പ്രകാശ് ഇ ആര്, ഇ കെ ലിജു എന്നിവരെ ക്യാമ്പയിന്റെ ജില്ലാ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തും. വിവിധ ജില്ലകളില്‍ നിന്ന് ക്യാമ്പയിനിലൂടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിച്ചേരുന്നവര്‍ ജനുവരിയില്‍ കോഴിക്കോട് നടക്കുന്ന മഹാസമ്മേളനത്തില്‍ അണിനിരക്കും.