കോഴിക്കോട് : കെ. റെയിൽ പദ്ധതിയ്ക്കെതിരായ പ്രമേയം കോർപ്പറേഷൻ കൗൺസിൽ യോഗം വോട്ടിനിട്ട് തള്ളി. പതിനായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന പദ്ധതി സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന് തിരിച്ചിയാകുമെന്ന് പ്രമേയം അവതരിപ്പിച്ച മുസ്ലിം ലീഗിലെ കെ. മൊയ്തീൻകോയ ആരോപിച്ചു. യു.ഡി.എഫ് – ബി.ജെ.പി അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചെങ്കിലും എൽ.ഡി.എഫ് അംഗങ്ങൾ പ്രമേയത്തെ ശക്തമായി എതിർത്തു.
കേരളം നശിച്ചുകാണമെന്ന് താത്പര്യമുള്ളവരാണ് കെ. റെയിലിനെ എതിർക്കുന്നതെന്ന് സി.പി.എമ്മിലെ എം.പി. സുരേഷ് ആരോപിച്ചു. എസ്. ജയശ്രീ, ടി. റനീഷ് , മനോഹരൻ മാങ്ങാറിയിൽ, പി. ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.
വാട്ടർ അതോറിട്ടി ബില്ലിൽ ഉണ്ടാകുന്ന അമിത വർദ്ധനവും തെറ്റുകളും എൻ.സി. മോയിൻകുട്ടി ശ്രദ്ധക്ഷണിച്ചു. മാങ്കാവിൽ സാധാരണ കുടുംബത്തിന് 107282 രൂപയുടെ ബില്ല് വന്നത് ശ്രദ്ധയിൽ പെടുത്തിയിട്ടും വാട്ടർ അതോറിട്ടിയിൽ നിന്ന് കാര്യമായ നടപടി ഉണ്ടായില്ലെന്നും പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വാട്ടർ അതോറിട്ടി അധികൃതരുമായി സംസാരിക്കുമെന്നും മേയർ പറഞ്ഞു. സ്കൂളുകളിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കണമെന്ന് വരുൺ ഭാസ്കറും നഗരത്തിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്ന് കെ.ടി. സുഷാജും ശ്രദ്ധക്ഷണിച്ചു. കുടുംബശ്രീ വഴി വായ്പയെടുത്ത് വാഹനം വാങ്ങിച്ച് തിരിച്ചടവ് വ് മുടങ്ങിയവരുടെ ബാധ്യത എഴുതിത്തള്ളണമെന്ന് നിർമല ശ്രദ്ധക്ഷണിച്ചു. കനോലി കനാൽ ശുചീകരണവും നവീകരണവും വേഗത്തിൽ നടപ്പാക്കണമെന്ന് കെ.സിശോഭിതയും വെള്ളിമാടുകുന്നിലെ ഹെൽത്ത് സെന്ററിന്റെ ശോചനീയവാസ്ഥ പരിഹരിക്കണമെന്ന് ടി.കെ. ചന്ദ്രനും മെഡിക്കൽ കോളേജിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് പി.എൻ. അജിതയും ശ്രദ്ധക്ഷണിച്ചു. കെട്ടിട നിർമാണ ചട്ടലംഘനവുമായ ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിലെ പോരായ്മ പരിശോധിക്കണമെന്ന് എസ്.കെ. അബൂബക്കർ ശ്രദ്ധക്ഷണിച്ചു. ബ്ലൂ ഇക്കണോമി മറെയ്ൻ ബില്ല് 2021 നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ പ്രമേയം പാസിക്കി. സി.പി.എം അംഗം വി. കെ. മോഹൻദാസ് അവതരിപ്പിച്ച പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചു. ജില്ല ഹോമിയോ ആശുപത്രിയുടെ വികസനം സാദ്ധ്യമാക്കണമെന്നാവശ്യപ്പെട്ട സി.പി.എമ്മിലെ വി.പി. മനോജിന്റെ പ്രമേയം ഐക്യകണ്ഠേന അംഗീകരിച്ചു. പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്ന കോൺഗ്രസിലെ എസ്.കെ. അബൂബക്കറിന്റെ പ്രമേയം വോട്ടിനട്ട് തള്ളി.ബി.ജെ.പി പ്രമേയത്തെ അനുകൂലിച്ചു.