കോഴിക്കോട് :
നഗരസഭാ പരിധിയിൽ ഇ-ടോയ്‌ലറ്റുകൾക്കു പകരം മോഡുലാർ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നതിന് നടപടിയുമായി കോർപ്പറേഷൻ. ഇന്ന് ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് മോഡുലാർ ടോയ്‌ലറ്റ് സ്ഥാപിക്കാൻ തീരുമാനമായത്. നേരത്തെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഇ-ടോയ്‌ലറ്റുകൾ ലേലം ചെയ്ത് ഒഴിവാക്കിയായിരിക്കും പകരം പുതിയ ടോയ്‌ലറ്റുകൾ സ്ഥാപിക്കുക.
രാജ്യത്തെ ആദ്യ ഇ-ടോയ്‌ലെറ്റ് നിർമാതാക്കളായ ഇറാം സയന്റിഫിക് സൊല്യൂഷനുമായി ചേർന്നാണ് ടോയ്‌ലെറ്റുകൾ സ്ഥാപിച്ചിരുന്നത്. മാനാഞ്ചിറ സ്‌ക്വയർ, മെഡിക്കൽ കോളജ്, ഒയിറ്റി റോഡ്, ബേപ്പൂർ, അരീക്കാട്, പാവങ്ങാട്, ലോറി സ്റ്റാൻഡ്, മുതലക്കുളം, കാരപ്പറമ്പ്, ബീച്ച് തുടങ്ങി 14 തിരക്കുള്ള സ്ഥലങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
എന്നാൽ കരാർ കാലാവധി അവസാനിക്കുന്നിതിനു മുമ്പെ തന്നെ മിക്കയിടങ്ങളിലും ഇതിന്റെ പ്രവർത്തനം നിലച്ചിരുന്നു. എന്നാൽ 2019 ൽ കരാർ കാലാവധി അവസാനിക്കുകയും കമ്പനി പൂർണമായും ഇതിന്റ പ്രവർത്തനം നിർത്തി വെക്കുകയും ചെയ്തതോടെയാണ് പകരമായി മോഡുലാർ ടോയ്‌ലെറ്റുകൾ സ്ഥാപിക്കാൻ നടപടിയുമായി മുന്നോട്ടു പോകുന്നത്.
ടോയ്‌ലെറ്റ് സ്ഥാപിക്കുന്നതിന് കമ്പനികളിൽ നിന്ന് താൽപര്യ പത്രം ക്ഷണിക്കാനാണ് കൗൺസിൽ അംഗീകാരം നൽകിയത്. ടോയ്‌ലെറ്റുകൾ സ്ഥാപിച്ച ശേഷം പൊതുജനങ്ങൾക്ക് സൗകര്യപ്രദമാണോയെന്നും, പ്രവർത്തനമെങ്ങനെയെന്നും പരിശോധിച്ച ശേഷം മാത്രമേ പൂർണ ത്മായും സ്ഥാപിക്കാനുള്ള അനുമതി നൽകൂവെന്ന് മേയർ ഡോ.ബീന ഫിലിപ് പറഞ്ഞു. അതേസമയം ടോയ്‌ലെറ്റുകൾ സ്ഥാപിക്കുന്നതിന് മുമ്പ് അതിന്റെ രൂപകൽപനയും മറ്റു പുനഃപരിശോധിക്കണമെന്ന കൗൺസിൽ അംഗങ്ങളുടെ ആവശ്യവും മേയർ അംഗീകരിച്ചു.