ന്യൂഡൽഹി : സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽനിന്ന് 21 വയസ്സായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. പുതിയ ഉത്തരവ് സംബന്ധിച്ച നിയഭേദഗതി പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. ഡിസംബർ 23 വരെയാണ് നടപ്പുസമ്മേളനം. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ–പുരുഷ സമത്വം എന്നിവ മുൻനിർത്തിയാണ് പുതിയ ഭേദഗതി നടപ്പിൽ വരുത്തുന്നത്.
പ്രായ പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ബാല വിവാഹ നിരോധന നിയമനത്തിലാകും സുപ്രധാന ഭേദഗതി കൊണ്ടുവരിക. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച കാര്യങ്ങൾ പഠിക്കുന്നതിനായി രൂപീകരിച്ച കേന്ദ്ര ടാക്സ് ഫോഴ്സ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുന്നത്.
ജയ ജയ്റ്റ്ലി അധ്യക്ഷനായ കർമ്മ സമിതിയിൽ ജ്മ അക്തർ, വസുധ കാമത്ത്, ദീപ്തി ഷാ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ.പോൾ, ആരോഗ്യ, വനിതാ–ശിശു ക്ഷേമ മന്ത്രാലയങ്ങളുടെയും, ഉന്നത വിദ്യാഭ്യാസ, സ്കൂൾ വിദ്യാഭ്യാസ – സാക്ഷരത, നിയമ വകുപ്പുകളുടെയും സെക്രട്ടറിമാർ തുടങ്ങിയവരും ഉൾപ്പെടുന്നു. 2020 ജൂണിലാണ് സമിതിയെ നിയോഗിച്ചത്.
1929 സെപ്റ്റംബർ 28നു ബ്രിട്ടിഷ് ഭരണകാലത്ത് കൊണ്ടുവന്ന ബാല വിവാഹ നിയന്ത്രണ നിയമപ്രകാരം പെൺകുട്ടികളുടെ വിവാഹപ്രായം 14 ഉം , ആൺകുട്ടികൾക്ക് 18 എന്നിങ്ങനെയായിരുന്നു. എന്നാൽ നിലവിൽ സ്ത്രീകളുടെ വിവാഹ പ്രായം 18 ഉം പുരുഷന്മാരുടെ വിവാഹപ്രായം 21 ഉം ആണ്.