ഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് ആദ്യം പുറത്ത് വന്നത്. ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യം കണക്കിലെടുത്താണ് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
നിലവിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ഡല്‍ഹിയിലാണ്. രാജ്യത്ത് 213 ഒമിക്രോണ്‍ കേസുകളില്‍ 57 എണ്ണവും ഡല്‍ഹിയിലാണ്. ഉത്തരവ് സംബന്ധിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടവും പോലീസും ഉറപ്പ് വരുത്തണം. പൊതുസ്ഥലങ്ങളിലെത്തുന്നവര്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കാനും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനനിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.