കൊച്ചി : അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ പിടി തോമസിന് അവസാനയാത്രായപ്പ് നല്കി കേരളം. കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകീട്ട് ഏഴുമണിയോടെ രവിപുരം ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു. തൃക്കാക്കര കമ്യൂണിറ്റി ഹാളിലെ പൊതുദര്‍ശനം പൂകര്ത്തിയാക്കിയതിന് ശേഷം നടന്ന വിലാപയാത്രയെ അനുനയിച്ച് ആയിരങ്ങള്‍ രവിപുരം ശ്മശാനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ലളിതമായ ചടങ്ങുകളോടെയാണ് സംസ്കാരചടങ്ങുകള്‍ നടന്നത്. അന്ത്യാഭിലാഷമായി അദ്ദേഹം ആവശ്യപ്പെട്ട ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്കാരചടങ്ങുകള്‍ നടന്നത്. മുദ്രാവാക്യങ്ങളുയര്‍ത്തി അണികളും ജനങ്ങളും അദ്ദേഹത്തിന് അവസാന വിട നല്കി. പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചു.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചയോടെ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം കൊച്ചിയിലെത്തിക്കുകയായിരുന്നു. രാവിലെയോടെ പാലാരിവട്ടത്തെ വസതിയെത്തിച്ച മൃതദേഹം എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലും, എറണാകുളം ടൗണ്‍ഹാളിലും, കാക്കനാട് കമ്യൂണിറ്റി ഹാളിലും പൊതുദര്‍ശനത്തിന് വെച്ചു.
മുഖ്യമന്ത്രി പിണറായ് വിജയന്, കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി പ്രമുഖ നേതാക്കളടക്കം സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ നിന്നും ആയിരങ്ങളാണ് പി ടി ക്ക് അവസാന യാത്രായപ്പ് നല്‍കാനായി എത്തിച്ചേര്‍ന്നത്.
അര്‍ബുദ ബാധയെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു അന്ത്യം. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ കണ്ടെത്തുന്നത്. വിദഗ്ദ്ധ ചികിത്സയ്ക്കായി തമിഴ്നാട് വെല്ലൂരില്‍ ചികിത്സയിലിരിക്കെയാണ് മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തത്.
തൊടുപുഴ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ എംഎല്‍എയും, ഇടുക്കി എം.പി ആയും അദ്ദേഹം രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി ജനനം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ് യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്ത് സജ്ജീവമാകുന്നത്. കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന് ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.