തലശ്ശേരി : ക്രിസ്മസ് ആഘോഷത്തിനിടെ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെ ആര്.എസ്.എസ് നേതാക്കള്‍ നടത്തിയ ഗുണ്ടാവിളയാട്ടത്തിന് മറുപടിയായി അമ്മമാരുടെ ഡാന്‍സ് പെര്‍ഫോമന്‍സ്. സാന്താക്ലോസിന്റെ വേഷവും സമ്മാനപ്പൊതികളും മധുരപലഹാരങ്ങളും ഗാനമേളയുമായാണ് അമ്മമാരുടെ സംഘം ബി.ജെ.പിക്കെതിരെ തിരിച്ചടിച്ചത്.
പത്തായക്കുന്ന് കൊങ്കച്ചിയിലാണ് കുട്ടികളുടെ കരോള്‍ സംഘത്തെ ബിജെപി നേതാക്കള്‍ തടഞ്ഞ് വച്ച് മര്‍ദ്ദിച്ചത്. അധ്യാപകനായ ബി.ജെ.പി മണ്ഡലം നേതാവിന്റെ ആഹ്വാനപ്രകാരമായിരുന്നു കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണം.
‘ഓണവും വിഷുവും ക്രിസ്ത്യാനികള്‍ ആഘോഷിക്കാറുണ്ടോ,’ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് കുട്ടികള്‍ പറഞ്ഞു. ക്രിസ്മസ് അവധി ലഭിച്ചതിന് പിന്നാലെ ഡിസംബര്‍ 23നാണ് കുട്ടികള്‍ ഒത്തുകൂടുകയും പുല്‍ക്കൂടൊരുക്കുകയും ചെയ്തത്. ബി.ജെ.പി അനുഭാവമുള്ള കുടുംബങ്ങളില്‍ നിന്നുമുള്ള കുട്ടികളെ കണ്ട് പ്രകോപിതരായ നേതാക്കള്‍ ഇവരെ മര്‍ദ്ദിക്കുകയും കരോളിനായി വാടകയ്ക്കെടുത്ത സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
ഏതാനും വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ആഘോഷങ്ങള്‍ക്ക് നേരെയാണ് ബിജെപി നേതാക്കളുടെ ഈ അക്രമം. മറ്റു പ്രദേശങ്ങളില്‍ നിന്നെത്തിയവരാണ് കുട്ടികളുടെ ആഘോഷം തടയുകയും മര്‍ദിക്കുകയും ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ നേതാക്കള്‍ക്ക് അതേ നാണയത്തില്‍ തന്നെ തിരച്ചടി നല്കിയ അമ്മമാരാണ് ഇപ്പോള്‍ നാട്ടിലെ താരം.