INDIAKERALAlocal

യു.എ.ഇ- ഇന്ത്യ വിമാനയാത്രാടിക്കറ്റ് നിരക്കുകള്‍ കുറയുന്നു.

 

ദുബായ് : യു.എ.ഇ.യില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കുറയുന്നു. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്ക് കുത്തനെ കുറയ്ക്കാന്‍ തീരുമാനമായത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് യു.എ.ഇ.-ഇന്ത്യ ടിക്കറ്റ് നിരക്കില്‍ വന്‍ ഇടിവുണ്ടായത്.

എമിറേറ്റ്സ് എയര്‍ലൈന്‍, ഫ്‌ളൈ ദുബായ് എന്നീ വിമാനങ്ങള്‍ക്ക് ദുബായില്‍നിന്ന് കൊച്ചിയിലേക്ക് 300മുതല്‍ 500വരെ ദിര്‍ഹം അതായത് 6000 രൂപ മുതല്‍ 10000 രൂപാ നിരക്കിലാണ് ടിക്കറ്റ് നല്‍കി വരുന്നത്. ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് 390 ദിര്‍ഹം ഏകദേശം 7800 രൂപയും, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 380 ദിര്‍ഹം മുതല്‍ 600 വരെ ദിര്‍ഹം അതായത് 7600 രൂപ മുതല്‍ 12,000 രൂപ വരെ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. ദുബായില്‍നിന്ന് മുംബൈയിലേക്കുള്ള നിരക്ക് 300 ദിര്‍ഹം 6000 രൂപയും, ഡല്‍ഹിയിലേക്ക് 330 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.

ടിക്കറ്റ് നിരക്കുകള്‍ കുറച്ചതിന് പിന്നാലെ ട്രാവല്‍ ഏജന്‍സികളിലും ടിക്കറ്റ് നിരക്കില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. അതേസമയം ട്രാവല്‍ പോര്‍ട്ടലുകള്‍ വഴിയുള്ള ടിക്കറ്റ് ബുക്കിന്റെ എണ്ണത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 142 ബുക്കിങ് രേഖപ്പെടുത്തിയ സ്ഥാനത്ത് നിലവില്‍ ദുബായ്-ഇന്ത്യ യാത്രയ്ക്ക് പ്രതിദിനം 120 ബുക്കിങ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ യു.എ.ഇയില്‍ പുതുതായി ഏര്‍പ്പെടുത്തിയ വാരാന്ത്യ അവധി യാത്രാനിരക്കിനെ ബാധിച്ചിട്ടില്ല.

അതേസമയം, ഇന്ത്യയില്‍ നിന്നും യു.എ.ഇ.യിലേക്കുള്ള വിമാനയാത്രാനിരക്കിലെ വര്‍ധനവ് മാറ്റമില്ലാതെ തുടരുകയാണ്. യു.എ.ഇയിലേക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 40,000 രൂപയാണ്. യു.എ.ഇ ആസ്ഥാനമായുള്ള എമിറേറ്റ്സിനും ഇത്തിഹാദിനും യഥാക്രമം 52,364 രൂപയും 53,874 രൂപയുമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്കണോമി ക്ലാസ് ടിക്കറ്റിന് 39,811 രൂപയാണ് നിരക്ക്. എയര്‍ അറേബ്യയില്‍ ഇത് 40,845 രൂപയും ഇന്‍ഡിഗോയില്‍ 41,868 രൂപയുമാണ് ടിക്കറ്റ് വില. ഗോഫസ്റ്റിലാണ് ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതല്‍, 42,320 രൂപ. സ്‌പൈസ് ജെറ്റ് 40,454 രൂപ, വിസ്ഥാര 41,560 രൂപ എന്നിങ്ങനെയാണ് മറ്റ് വിമാനങ്ങളിലെ നിരക്ക്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close