KERALAlocalPolitics

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 

കൊച്ചി: മുഖ്യമന്ത്രി പിണറായ് വിജന് നേരെ കരിങ്കൊടി വീശി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. കെ റെയില്‍ പദ്ധതി വിശദീകരണവുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത ജനസമക്ഷം പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ടി.ഡി.എം ഹാളിലേക്കുള്ള വഴിമാര്‍ഗ്ഗം പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയെങ്കിലും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയിരുന്നു. പിന്നാലെ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം തടഞ്ഞു. പ്രകടനം ശക്തമാക്കി മുന്നേറിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ്സ് മുന്നോട്ട് വയ്ക്കുന്നത്. കെ റെയില്‍ സ്ഥലമേറ്റെടുപ്പിനായി സ്ഥാപിച്ച കുറ്റികള്‍ പിഴിതെറിയുകയും സര്‍ക്കാരിനെതിരെ ജനങ്ങളെ ഏകോപിപ്പിച്ച് സമരപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

സാമൂഹ്യാഘാതം, പരിസ്ഥിതി ആഘാതം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളെ മുന്‍നിര്‍ത്തി യുഡിഎഫ് ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുക എന്നത് മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി ജനസമക്ഷം പരിപാടി വിളിച്ച് ചേര്‍ത്തത്.

ജനങ്ങളുടെ പ്രയാസം കണ്ടില്ലെന്ന് നടിക്കില്ല, ഒരു വിഭാഗം എതിര്‍പ്പ് രേഖപ്പെടുത്തുന്നതുകൊണ്ട് വികസന പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നും നാടിന്റെ ഭാവിക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാറിന്റെ ധര്‍മമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ പുറത്തിറക്കി. പദ്ധതിയെ കുറിച്ച് സര്‍ക്കാരിനോടുള്ള ചോദ്യങ്ങളും പദ്ധതിയുടെ അശാസ്ത്രീയതയും വിശദീകരിക്കുന്ന ലഘുലേഖ എല്ലാ വീടുകളിലും എത്തിക്കാനാണ് പദ്ധതി. പദ്ധതി കൂടുതല്‍ ബാധിക്കുന്ന പ്രദേശങ്ങളിലെ സമരവേദികള്‍ സജ്ജീവമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. പദ്ധതിക്കെതിരെ മാസം 100 ജനകീയ സദസുകള്‍ സംഘടിപ്പിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close