ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് ചോദ്യം ചെയ്ത് പ്രവാസികള്‍. ഗള്‍ഫില്‍ നിന്ന് പിസിആര്‍ പരിശോധനയ്ക്കും വിമാനത്താവളത്തിലെ കോവിഡ് പരിശോധനയ്ക്കും വിധേയമാക്കിയതിന് ശേഷവും റിസള്‍ട്ട് നെഗറ്റീവാകുമ്പോള്‍ തങ്ങള്‍ എന്തിന്റെ പേരിലാണ് ക്വാറന്റൈനില്‍ കഴിയുന്നതെന്നാണ് പ്രവാസികള്‍ ഉന്നയിക്കുന്ന ചോദ്യം.
രാഷ്ട്രീയ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും നടത്തി വരുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇല്ലാത്ത എന്ത് നിയന്ത്രണമാണ് കോവിഡ് പരിശോധനകള്‍ കഴിഞ്ഞ് വരുന്ന പ്രവാസികള്‍ക്ക് മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നതെന്ന് പ്രവാസികള്‍ ഉന്നയിക്കുന്നു. വിമാനത്താവളങ്ങളില്‍ നിന്ന് കോവിഡ് പടര്‍ന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാത്ത സ്ഥിതിക്ക് പ്രവാസികള്‍ക്ക് മാത്രം നടപ്പാക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രവാസികള്‍ വ്യക്തമാക്കി.
കുടുംബത്തിലെ പ്രധാന ചടങ്ങുകള്‍ക്കായി എത്തുന്ന പ്രവാസികള്‍ക്കാണ് ക്വാറന്റൈയ്ന് നിബന്ധന ശാപമായി മാറുന്നത്. ഇതിന് പുറമേ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലെത്താന്‍ സാധിക്കാതെ വന്ന പലരും കുറഞ്ഞ ദിവസത്തെ അവധിക്കാണ് എത്തുന്നത്. ക്വാറന്റൈന് കാലയളവ് കഴിയുന്നതോടെ തിരിച്ച് പോകേണ്ട അവസ്ഥയാകുന്നത്. ഈ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രവാസികള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
വിദേശത്തുനിന്നു കോവിഡ് പരിശോധന നടത്തി നാട്ടിലെത്തുന്ന പ്രവാസികള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വീണ്ടും വന്‍തുക നല്കി കോവിഡ് പരിശോധന നടത്തണം എന്ന നിബന്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും, അടിയന്തര ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എയര്‍സുവിധയിലെ സൗകര്യം പുനഃസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവാസികള്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് ഇതുവരെയും തീരുമാനമായിട്ടില്ല.