ആദ്യകാലങ്ങളില്‍ തെറി രൂപേണ ഉപയോഗിച്ചിരുന്ന ‘ശിഖണ്ഡി , മൂന്നാം ലിംഗം, ഹിജഡ’ തുടങ്ങിയ വാക്കുകള്‍ക്ക് അംഗീകാരം ലഭിച്ചതോടെ ഇന്ന് അവ ഒരു സമൂഹത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളാണ്. എന്നാല്‍ അത്തരം വാക്കുകള്‍ ഒരാള്‍ക്ക് നേരെ ഇന്നും ഉപയോഗിക്കപ്പെടുന്നു എന്നതില്‍ നിന്ന് വ്യക്തമാണ് നാം എവിടെ എത്തി നില്‍ക്കുന്നു എന്ന്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഉപയോഗിച്ച വാക്കാണ് ശിഖണ്ഡി. സാക്ഷരകേരളം എന്ന് വീമ്പ് പറയുമ്പോഴും ഇത്തരം പദങ്ങള്‍ ഇന്നും തെറികളായി തന്നെ നിലകൊള്ളുന്നു എന്നത് ലജ്ജാകവഹം തന്നെ. എന്നാല്‍
വി. മുരളീധരന്റെ പരിഹാസത്തിന് പ്രതിപക്ഷ നേതാവ് മറുപടിയായി നല്‍കിയത് ഏറെ അംഗീകരിക്കപ്പെടേണ്ട ഒന്നായിരുന്നു.
ശിഖണ്ഡി പോലുള്ള വാക്കുകള്‍ ഇന്നത്തെ കാലത്ത് പറയാന്‍ പാടില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
‘ശിഖണ്ഡി, ആണുംപെണ്ണും കെട്ടവന്‍ അങ്ങനെയുള്ള വാക്കുകളൊന്നും ഇന്നത്തെ കാലത്ത് പറയാന്‍ പാടില്ല. ആ വാക്കുകളൊക്കെ കാലഹരണപ്പെട്ടു. ആ വാക്കുകളൊക്കെ ഇന്നത്തെ കാലഘട്ടത്തിന് യോജിച്ച വാക്കുകളല്ല. അതൊന്നും പറയാന്‍ പാടില്ല. ഒരു സമൂഹത്തിനെ അപമാനിക്കുന്നതിന് തുല്ല്യമാണ്. ഇന്നൊന്നും ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കില്ല. ഏത് ലോകത്താണാവോ ഇദ്ദേഹം ജീവിക്കുന്നതെന്ന് അറിയില്ല’- അദ്ദേഹം പറഞ്ഞു.
വിഡി സതീശന്റെ മറുപടിക്ക് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് കൊണ്ട് പ്രതിപക്ഷപാര്‍ട്ടികളും രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങള്‍ വഴി കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ വിധ്വേഷം രേഖപ്പെടുത്തിയും വിഡി സതീഷന്റെ മറുപടി പ്രസംഗത്തിന് കൈയ്യടി നല്‍കുകയുമാണ് സാക്ഷരസമൂഹം.
കുറിപ്പിലേക്ക്;
കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ‘ശിഖണ്ഡി’ എന്ന് അധിക്ഷേപ സ്വഭാവത്തില്‍ വിളിച്ചിട്ടു മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടുമിവിടെ ഒന്നും സംഭവിച്ചിട്ടില്ല. ഇന്നു പ്രതിപക്ഷ നേതാവ് അതിനു മറുപടി പറഞ്ഞിരിക്കുന്നു.
ആദ്യത്തേതു ചര്‍ച്ചയാകാത്തത്, നോര്‍മല്‍ എന്ന നിലയില്‍ പൊതുസമൂഹം എപ്പോഴോ സ്വീകരിച്ചു കഴിഞ്ഞ ഇത്തരം വാക്കുകള്‍ക്കും ബോധ്യങ്ങള്‍ക്കും വലിയ മാറ്റമൊന്നും വരാത്തതു കൊണ്ടാണ്. പക്ഷേ രണ്ടാമത്തേതു ചര്‍ച്ചയാകേണ്ടുന്ന ഒന്നാണ്. രാഷ്ട്രീയ നേതൃത്വങ്ങളടക്കം പരസ്പരം അധിക്ഷേപിക്കാനായി ‘ശിഖണ്ഡി, ഹിജഡ’ എന്നിങ്ങനെ ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ടല്ലോ. പക്ഷേ, അങ്ങനെയൊന്നുപയോഗിച്ചു തന്നെയും അവഹേളിക്കാം എന്നു കരുതിയ ഒരു വ്യക്തിയോട് എങ്ങനെയാണ് ഏറ്റവും പുതിയ തലമുറയിലൊന്നും പെടാത്ത രാഷ്ട്രീയ നേതാവ് മറുപടി പറയുന്നത് എന്നതു ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരം പദങ്ങള്‍ ഒരു വ്യക്തിയെ അധിക്ഷേപിക്കണം എന്ന ഉദ്ദേശത്തോടെ ഉപയോഗിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അവഹേളിക്കപ്പെടുന്നതു ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യന്മാരാണ്. ഇതുവരെ ആരൊക്കെ ഇത്തരം പദങ്ങള്‍ ഉപയോഗിച്ചു എന്നല്ല, ഇനിയിപ്പോള്‍ ആരൊക്കെ ഇത്തരം പൊതുബോധ നിര്‍മിതികളില്‍ നിന്നു പുറത്തുകടന്നു എന്നു കാണാന്‍ കഴിയട്ടെ.
പൊളിറ്റിക്കലി കറക്റ്റ് ആവുന്നതു വലിയൊരു സമൂഹത്തെ സ്വാധീനിക്കാന്‍ കൂടി ശേഷിയുള്ള രാഷ്ട്രീയ നേതാക്കള്‍ കൂടിയാവുന്നത് ഏറ്റവും സന്തോഷം നല്‍കുന്നൊരു കാര്യമാണ്. പ്രതിപക്ഷ നേതാവിനോടു സ്‌നേഹം ?
Hari Mohan