HealthKERALAlocal

കുട്ടികളുടെ വാക്‌സിന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും മുന്‍കൂട്ടി തീരുമാനിച്ച പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള പുതുക്കിയ മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വയ്ക്കാാനാണ് തീരുമാനം. ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയക്രമം പുന:ക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഫോകസ് ഏരിയ നിശ്ചയിച്ച് എസ് എസ് എല്‍ സി സിലബസ് ഫെബ്രുവരി ആദ്യവാരവും പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാന വാരവും പൂര്‍ത്തിയാക്കുന്ന രീതിയില്‍ ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കും. 35 ലക്ഷത്തോളം കുട്ടികളാണ് രണ്ടാഴ്ചത്തേക്ക് വീടുകളില്‍ ഇരുന്ന് ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ രണ്ടാഴ്ചയ്ക്കുശേഷവും തുടരണോയെന്നത് ഫെബ്രുവരി രണ്ടാംവാരം പരിശോധിക്കും.

തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. പുതുക്കിയ മാര്‍ഗ്ഗരേഖ യോഗത്തിന് ശേഷം പുറത്തിറക്കും. കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ സ്‌കൂളില്‍ വരുന്ന 10,11,12 കഌസുകളിലെ കുട്ടികള്‍ക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തും. എത്രയും പെട്ടെന്ന് കുട്ടികളുടെ വാക്‌സിന്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. ആരോഗ്യവകുപ്പുമായി സഹകരിച്ച് സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കുന്ന പദ്ധതികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വാക്‌സിനേഷന്‍ കണക്കുകള്‍ സ്‌കൂള്‍ തലത്തില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കൈറ്റ് വിക്ടര്‍സ് പുതിയ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close