കോഴിക്കോട്: പ്ലാസ്റ്റിക്ക് അടക്കം അജൈവമാലിന്യങ്ങള്‍ ഞെളിയന്‍ പറമ്പിൽ എത്തിക്കുന്നത് ഒഴിവാക്കി താൽക്കാലികമായി വെസ്റ്റ്ഹിൽ റീസൈക്ലിങ് പ്ലാന്‍റിലേക്ക് കൊണ്ട്പോവാൻ നഗരസഭ തീരുമാനം. മേയര്‍ ഡോ.ബീനാഫിലിപ്പിന്‍റെ അധ്യക്ഷതയില്‍ ഓൺ ലൈനായി ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍യോഗത്തിലാണ് തീരുമാനം. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന നിർദ്ദിഷ്ട പ്ലാന്‍റിന് ഞെളിയൻ പറമ്പിലെ സ്ഥലം കൈമാറാനാണിത്. പ്ലാന്‍റ് പണി പെട്ടെന്ന് തുടങ്ങും. മാലിന്യം ശേഖരിക്കുന്ന കേന്ദ്രം നടത്തിപ്പിന് നിറവുമായുള്ള കരാര്‍ റദ്ദാക്കാനും തീരുമാനമായി. ഇതു പ്രകാരം നിറവ് ഇരുപത് ദിവസത്തിനകം ഞെളിയന്‍പറമ്പിലെ പ്ലാസ്റ്റിക്ക് മാലിന്യം നീക്കും. വെള്ളയിൽ പ്ലാന്‍റിന്‍റെ ചുമതലയുള്ള പ്രവര്‍ത്തിപ്പിക്കുന്ന
ഏജന്‍സിയുമായി സംസാരിക്കാന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.എസ്.ജയശ്രീയെയും
സെക്രട്ടറി കെ.യു.ബിനിയെയും കൗണ്‍സില്‍ ചുമതലപ്പെടുത്തി. നെല്ലിക്കോട് പ്ലാസ്റ്റിക്ക്
സൃംസ്ക്കരണ പ്ലാന്‍റ് പ്രവർത്തനം തുടങ്ങും വരെയാണ് എല്ലാമാലിന്യവും
വെസ്റ്റ്ഹില്ലില്‍ എത്തിക്കുക. ഓണ്‍ലൈൻ കൗൺസിലിൽ അടിയന്തിര പ്രമേയം, ശ്രദ്ധക്ഷണിക്കൽ
എന്നിവക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സിലിൽ പങ്കെടുത്തില്ല. കോവിഡ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ടി.റെനീഷ് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അനുമതിനിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പി. അംഗങ്ങളും ബഹിഷ്ക്കരിച്ചു. കോവിഡ നിയന്ത്രണങ്ങളുള്ളതിനാല്‍ ടാഗോര്‍ഹാളില്‍ തീരുമാനിച്ച യോഗം അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങള്‍ ഒഴിവാക്കി ചടങ്ങാക്കി മാറ്റിയെന്നാണ്
യു.ഡി.എഫ് ആരോപണം. ആവശ്യത്തിന് കോവിഡ് മരുന്ന് കിട്ടാത്തതിനെപ്പറ്റി
പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത നല്‍കിയ അടിന്തര പ്രമേയത്തിനു അനുമതി കിട്ടിയില്ല. കുടുംബശ്രീ തെരഞ്ഞെടുപ്പിൽ 200 പേര്‍ പങ്കെടുമ്പോഴാണ് 75 പേരുള്ള കൗണ്‍സില്‍ മാറ്റുന്നതെന്നാണ് ആരോപണം യു.ഡി.എഫ് ആരോപിച്ചു. എന്നാൽ പ്രമേയങ്ങളടക്കം ഒഴിവാക്കാന്‍ തീരുമാനിച്ചകാര്യം മുമ്പ് തന്നെ അറിയിച്ചതാണെന്ന് മേയർ പറഞ്ഞു.മാനാഞ്ചിറ സ്ക്വയർ ആംഫി തിയറ്റര്‍ പരിപാടിക്ക് രണ്ടുമണിക്കൂര്‍ വിട്ടുകൊടുക്കാന്‍ കൗൺസിൽ
തീരുമാനിച്ചു. വൈകീട്ട് മൂന്നു മുതല്‍ എട്ടുവരെയാണ്
ഫീസ് ഈടാക്കിക്കൊണ്ട് പരിപാടിക്ക് അനുവദിക്കുക. രാഷ്ട്രീയ, മത ചിഹ്നങ്ങളോ കൊടികളോ
ഉപയോഗിക്കാതെയും പാനീയങ്ങളടക്കം ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാതെയുമുള്ള പരിപാടിക്കേ അനുമതിയുണ്ടാവൂ.