കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സുരക്ഷാജീവനക്കാരന്‍ സ്ത്രീയുടെ മുഖത്തടിച്ചതായി പരാതി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കത്തിനിടെ സുരക്ഷാജീവനക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി സക്കീനയ്ക്കാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച രാവിലെ മണിയോടെയാണ് സംഭവം.
മകന്റെ കുട്ടിയെയും അമ്മയെയും ഡോക്ടറെ കാണിക്കാനായാണ് സക്കീന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്. അമ്മയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ കാണിച്ചശേഷം മകന്റെ കുട്ടിയുമായി മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എത്തി. അകത്തേക്ക് കടക്കാന്‍ ശ്രമിച്ച തന്നെ കൂടുതല്‍പേരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും പറഞ്ഞ് പ്രവേശന കവാടത്തില്‍ നിന്ന സുരക്ഷാ ജീവനക്കാരന്‍ പിടിച്ച് തള്ളുകയായിരുന്നുവെന്നും, പ്രശ്‌നം ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച തന്റെ മുഖത്തടിക്കുകയും ചെയ്തുവെന്നാണ് സക്കീന വെളിപ്പെടുത്തുന്നത്.
കൈമടക്കി മുഖത്ത് രണ്ട് തവണ കുത്തിയെന്നാണ് സക്കീന പറയുന്നത്. സംഭവസമയത്ത് വനിതാ സുരക്ഷാജീവനക്കാര്‍ ഇല്ലായിരുന്നുവെന്നും സുരക്ഷാ ജീവനക്കാരനെതിരേ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
സ്ത്രീയെ മര്‍ദിച്ച വിവരമം പുറത്തറിഞ്ഞതോടെ ഒട്ടേറെപേരാണ് മെഡിക്കല്‍കോളേജ് പരിസരത്ത് തടിച്ചുകൂടിയത്. സുരക്ഷാജീവനക്കാരും കൂട്ടിയിരിപ്പുകാരും തമ്മില്‍ പ്രശ്‌നം പതിവാണെന്നും, സുരക്ഷാ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നതാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.