ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യയെ ജനുവരി 27ഓടെ ടാറ്റ ഗ്രൂപ്പിന് കൈമാറും. നടപടി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജനുവരി 20ലെ ക്ലോസിങ് ബാലന്‍സ്ഷീറ്റ് കഴിഞ്ഞ ദിവസം ടാറ്റയ്ക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. കടബാധ്യത ഉയര്‍ന്നതോടെയാണ് ഇന്ത്യയ്ക്ക് കീഴിലുള്ള എയര്‍ ഇന്ത്യയെ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 18,000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് മുന്‍നിര്‍ത്തി എയര്‍ലൈന്‍സ് ഫിനാന്‍സ് ഡയറക്ടര്‍ വിനോദ് ഹെജ്മാദി ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം കൈമാറി.
ഇതോടെ എയര്‍ ഇന്ത്യ എക്പ്രസിനൊപ്പം എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും ടാറ്റയ്ക്ക് ലഭിക്കും. ഇതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ടാറ്റയുടെ ഉടമസ്ഥതിയില്‍ വരും.
ടാറ്റയുടെയും സിങ്കപുര്‍ എയര്‍ലൈന്‍സിന്റെയും സംയുക്തസംരഭമാണ് വിസ്താര. എയര്‍ ഇന്ത്യ ഇടപാടുമായി സിങ്കപുര്‍ എയര്‍ലൈന്‍സിന് ബന്ധമില്ലാത്തതിനാല്‍ തല്‍ക്കാലം വിസ്താര പ്രത്യേക കമ്പനിയായി തുടരും. പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന, സേവന നിലവാരം മെച്ചപ്പെടുത്താന്‍ 100 ദിവസത്തെ പദ്ധതിയും ടാറ്റ ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്.