കോഴിക്കോട്: വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ പോലീസ് കണ്ടെത്തി. ഇതോടെ കാണാതായവരില്‍ രണ്ട് പേരെ കണ്ടെത്താന്‍ സാധിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായ മറ്റൊരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തുന്നത്. മൈസൂരുവിലെ മാണ്ഡ്യയില്‍ വെച്ചാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരാനുള്ള തയ്യാറെടുപ്പിനിടെയാണ് പെണ്‍കുട്ടി പോലീസ് പിടിയിലാകുന്നത്. യാത്രയ്ക്കായി ബസ് ടിക്കറ്റ് ബുക്ക് ചെയ്തതാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്.
പിടിയിലായ പെണ്‍കുട്ടി ടിക്കറ്റ് ബുക്കിങ്ങിന് നല്‍കിയത് അമ്മയുടെ നമ്പര്‍. ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് അമ്മ. ബസ് ജീവനക്കാരോട് വീട്ടുകാര്‍ കാര്യം അവതരിപ്പിക്കുകയും. ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറുകയായിരുന്നു. ഇവര്‍ക്കൊപ്പം പിടികൂടിയ രണ്ടു യുവാക്കളെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്. മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നും പറഞ്ഞ് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടത് പ്രകാരം സഹായം നല്‍കുകയായിരുന്നുവെന്നാണ് യുവാക്കള്‍ പറയുന്നത്.
രക്ഷപ്പെട്ട മറ്റ് നാല് പെണ്‍കുട്ടികളും ബാംഗ്ലൂരുവിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. പണമില്ലാതെ മറ്റുള്ളവരുടെ സഹായം അഭ്യര്‍ത്ഥിച്ചാണ് പെണ്‍കുട്ടികള്‍ യാത്ര നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്. കേരള പോലീസിന്റെ രണ്ട് സംഘങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.
റിപ്പബ്ലിക്ക് ഡേ ആഘോഷത്തിനിടെയാണ് കെട്ടിടത്തില്‍ ചാരിവെച്ചിരുന്ന കോണി വഴി പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍നിന്നും പുറത്ത്ചാടുന്നത്. യുവാക്കളുടെ സഹായത്തോടെ ഇവര്‍ ബാംഗ്ലൂരുവിലെത്തിയെന്നാണ് പോലീസ് പിന്നീട് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണ് രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തുന്നത്.
യുവാക്കളുടെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ക്ക് ബെംഗളൂരു മഡിവാളയിലെ ഹോട്ടലില്‍ മുറി എടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ യുവാക്കള്‍ ഹോട്ടലിലെത്തി മുറി അന്വേഷിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ വീണ്ടും വന്ന് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് മുറി ബുക്കുചെയ്യുകയും കുറച്ച് സന്ദര്‍ശകരുണ്ടാകുമെന്നും അറിയിക്കുകയും ചെയ്തു. അധികം താമസിയാതെ ആറു പെണ്‍കുട്ടികള്‍ ഹോട്ടലിലേക്ക് വന്നു. തിരിച്ചറിയല്‍ രേഖ ചോദിച്ചപ്പോള്‍ കളവ് പോയെന്നായിരുന്നു മറുപടി. ഇതില്‍ സംശയം പ്രകടിപ്പിച്ച ഹോട്ടല്‍ ജീവനക്കാര്‍ പോലീസിന് വിവരം കൈമാറുകയായിരുന്നു. ഈ വിവരം അറിഞ്ഞ പെണ്‍കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഹോട്ടല്‍ജീവനക്കാര്‍ ചേര്‍ന്ന് തടഞ്ഞ് വെച്ചെങ്കിലും അഞ്ച് പേര് സമീപത്തെ മതില് ചാടി രക്ഷപ്പെടുകയായിരുന്നു.
കാണാതായ കുട്ടികളില്‍ രണ്ടുപേര്‍ ഈ മാസം 25നാണ് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയത്. മറ്റു നാലുപേര്‍ ഒരു മാസത്തിനിടയില്‍ എത്തിയവരാണ്.