കോഴിക്കോട്: നെടുമ്പാശേരിയിൽ 2013ൽ സ്വർണക്കടത്ത് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ ചലച്ചിത്ര നടി അക്ഷര റെഢിയ ഇ.ഡി. അഞ്ചു മണിക്കൂർ ചോദ്യം ചെയ്തു.തമിഴ്, കന്നഡ നടിയും മോഡലുമായ അക്ഷര റെഡ്ഡിയെ (ശ്രവ്യ സുധാകർ) യെയാണ്എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. സ്വർണക്കടത്തു സംഘം കള്ളപ്പണം സിനിമാ മേഖലയിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായിരുന്നു ചോദ്യം ചെയ്യൽ.
കോഴിക്കോട് ഇ ഡി സബ് സോണൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചിരുന്നത്. കള്ളപ്പണം സിനിമാ മേഖലയിൽ വെളുപ്പിച്ചതായും അതേപ്പറ്റിയുള്ള വിവരങ്ങൾ അക്ഷരക്ക് അറിയാമെന്നുമുള്ള ഇഡിയുടെ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കടത്തിയ 20 കിലോ സ്വർണം കള്ളപ്പണമാക്കിയത് സിനിമാ മേഖലയിൽ നിക്ഷേപിച്ചാണെന്നാണ് കേസ്.നടിയുടെ ബന്ധം നേരത്തേ തന്നെ കണ്ടെത്തിയതായാണ് അധികൃതർ പറയുന്നത്. ഇതിന്റെ ഭാഗമായി മുമ്പ് സി.ബി.ഐ കൊച്ചി യൂണിറ്റ് ഇവരെ ചോദ്യം ചെയ്തിട്ടുണ്ട്.
കൊച്ചിയിലെ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരെയടക്കം പ്രതി ചേർത്തുകൊണ്ടാണ് കേസ്. വടകര സ്വദേശിയായ ഫയാസ് വനിതകളെ ഉപയോഗിച്ച് സ്വർണം കടത്തിയതായാണ് ആരോപണം. സംഭവത്തിൽ ഫയാസിന്റെ വടകരയിലുള്ള വീടടക്കം 1.84 കോടി രൂപയുടെ മുതലുകൾ ഇഡി കണ്ടു കെട്ടിയിരുന്നു..