കോഴിക്കോട്: സമയത്ത് ശമ്പളം നല്‍കാതിരിക്കുകയും ഉള്ളതില്‍ നിന്ന് ഒരു വിഹിതം വെട്ടിമാറ്റുന്നതിനെതിരെയും മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ സമരം തുടങ്ങി.
വെള്ളിമാടുകുന്നിലെ ഹെഡ് ഓഫീസിനു മുന്നില്‍ ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 12 മണിക്കൂര്‍ സൂചനാ ധര്‍ണ ആരംഭിച്ചു.ഒരു രൂപ പോലും അധികമായി ആവശ്യപ്പെട്ടല്ല ഈ പോരാട്ടം. ഇത്രയും കാലം ശമ്പളത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നത് വിട്ടുതരണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം. ഡി എ പൂര്‍ണമായി പുനസ്ഥാപിക്കുമ്പോള് ഉണ്ടാകുന്ന ബുദ്ധിമുട്ടിന് സമാശ്വാസമായി രണ്ട് ദിവസത്തെ സാലറി വിട്ടുകൊടുക്കാന്‍ യൂണിയനുകള്‍ തയ്യാറായി. എന്നാല്‍, 15 മാസത്തെ രണ്ട് ദിവസ ശമ്പളം പിടിച്ചെടുക്കാനാണ് മാനേജ്മെന്റ് പദ്ധതി. ഇത് ആറ് മാസ കാലത്തേക്ക് നിശ്ചയിക്കണമെന്നതാണ് യൂണിയന്റെ ആവശ്യം.
ശമ്പളം പരമാവധി പത്താം തീയതിക്കുള്ളില്‍ നല്‍കണമെന്ന് യൂണിയന് ആവശ്യപ്പെട്ടെങ്കിലും 30താം തീയതിക്കകം മാത്രമേ ശമ്പള വിതരണം പൂര്‍ത്തിയാക്കാനാവൂ എന്ന നിലപാടാണ് സി ഇ ഒക്ക്. 30000 രൂപയില്‍ താഴെയുള്ളവരുടെ ശമ്പളം പിടിക്കരുതെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.
പ്രതിഷേധ സമരം 14 ദിവസം മുമ്പ് അറിയിച്ചിട്ടില്ലെന്ന അറിയിപ്പുമായി മാനേജ്മെന്റ് തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. വ്യവസ്ഥകള്‍ പാലിക്കാതെ സമരത്തില്‍ പങ്കെടുത്താല്‍ കടുത്ത അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് മാധ്യമം മാനേജ്മെന്റ് ഭീഷണി സ്വരം ഉയര്‍ത്തുന്നു. എന്നാല്‍, നീതി ഉറപ്പാക്കും വരെ പിറകോട്ടില്ലെന്ന നിലപാടിലാണ് മാധ്യമം എംപോയീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി.
മാധ്യമം എംപ്ലോയീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സമര വിശദീകരണം
പ്രിയ സഹപ്രവര്‍ത്തകരെ,
ഡി.എ പുനസ്ഥാപിക്കുന്നതിനായി കഴിഞ്ഞ ഏഴര മാസത്തിലേറെയായി നടന്നുവന്ന ചര്‍ച്ചയുടെ ഒടുവിലത്തെ അവസ്ഥയും നമുക്കേവര്‍ക്കും ബോധ്യമുള്ളതാണല്ലോ. ഡി.എ പൂര്‍ണമായി പുനസ്ഥാപിക്കുമ്പോള് ഉണ്ടാകുന്ന ബുദ്ധിമുട്ടിന് സമാശ്വാസമാകാന്‍ രണ്ടു ദിവസത്തെ സാലറി വിട്ടുകൊടുക്കാമെന്ന് എല്ലാ ചര്‍ച്ചകളുടെയും ഒടുവിലായി യൂണിയനുകള്‍ CEOയുമായി ധാരണയിലായതാണ്. പക്ഷേ, അത് 2023 ജൂണ്‍ വരെ 15 മാസം വേണമെന്നാണ് അദ്ദേഹത്തിന്റെ കടുംപിടിത്തം. ഇതിനകം ഒരു കരാറിലും ഉള്‍പ്പെടാതെ പോയ 2021 ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെയുള്ള ആറു മാസക്കാലത്തെ ഒരു കണക്കിലും വകയിരുത്താതെയാണ് 15 മാസം ആവശ്യപ്പെടുന്നത്. ആ ആറുമാസം കൂടി കണക്കിലെടുക്കുമ്പോള്‍ വിട്ടുകൊടുക്കുന്നത് 21 മാസത്തെ ശമ്പളത്തില്‍ നിന്നുമാകും.
രണ്ടു ദിവസത്തെ സാലറി വിട്ടുകൊടുക്കുന്നത് 2022 ജൂണ്‍ 30 വരെയുള്ള ആറുമാസക്കാലത്തേക്കായി നിശ്ചയിക്കണമെന്നും അതിനു ശേഷം സാഹചര്യം അവലോകനം ചെയ്ത് കരാര്‍ നീട്ടണോ എന്ന് തീരുമാനിക്കാമെന്നും ആ ചര്‍ച്ചയുടെ തിയതി ഇപ്പോള്‍ തന്നെ തീരുമാനിക്കാമെന്നും നമ്മള് അറിയിച്ചതാണ്. പക്ഷേ, അത് അംഗീകരിക്കാന്‍ CEO തയാറല്ല.
ഇത്രയും വിട്ടുവീഴ്ച ചെയ്യുന്ന ജീവനക്കാര്‍ക്ക് എല്ലാ മാസവും ഏഴാം തിയതിക്കകം ശമ്പളവിതരണം പൂര്‍ത്തിയാക്കണമെന്നാണ് നമ്മള് ആവശ്യപ്പെട്ടത്.
പരമാവധി 10ാം തിയതിക്കുള്ളിലെങ്കിലും സാലറി വിതരണം പൂര്‍ത്തിയാക്കണം എന്ന് പിന്നീട് ചര്‍ച്ചയില്‍ നമ്മള് ?ഇളവ് അറിയിക്കുകയുണ്ടായി. എന്നാല്‍, 30ാം തിയതിക്കകം മാത്രമേ സാലറി വിതരണം പൂര്‍ത്തിയാക്കാനാവൂ എന്നുമാണ് CEOയുടെ പിടിവാശി.
30,000 രൂപയില്‍ താഴെയുള്ളവരുടെ സാലറി പിടിക്കരുതെന്ന നമ്മുടെ ആവശ്യവും നിരാകരിക്കുകയാണുണ്ടായത്.
ഈ സാഹചര്യത്തില്‍ ഫെബ്രുവരി ഒമ്പതിന് നമ്മള് പ്രതിഷേധത്തിനൊരുങ്ങിയപ്പോഴാണ് ബഹുമാന്യനായ എഡിറ്റര്‍ വി.എം. ഇബ്രാഹിം അനുരഞ്ജനത്തിന് യൂണിയന് നേതൃത്വത്തെ ക്ഷണിക്കുകയും ഈ മാസം 21നകം പ്രശ്നം ഒത്തുതീര്പ്പി?ല്‍ എത്തിച്ച് കരാര്‍ ഒപ്പുവെക്കാമെന്ന് ഉറപ്പുനല്‍കിയത്. അതിനകം ഒന്നോ രണ്ടോ തവണ യൂണിയന് നേതൃത്വവുമായി സിറ്റിങ് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, നാളിതുവരെയായിട്ടും അദ്ദേഹം ചര്‍ച്ചക്കോ സംഭാഷണത്തിനോ നമ്മളെ ക്ഷണിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞ അവസാന സിയതി ഇന്ന് (ഫെബ്രുവരി 21 തിങ്കള്‍) ആണ്.
അദ്ദേഹം പറഞ്ഞ വാക്കു പാലിക്കപ്പെടാന്‍ സാധ്യതകള്‍ തെളിയാത്ത സാഹചര്യത്തിലാണ് നേരത്തെ നിര്‍ത്തിവെച്ച സമരപരിപാടികള്‍ ഫെബ്രുവരി 23ന് പുനരാരംഭിക്കാന്‍ നമ്മള് തീരുമാനിച്ചത്. ഇതിന്റെ ആദ്യ പടിയായി കോര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ വെള്ളിമാടുകുന്നിലെ മാധ്യമം ഹെഡ് ഓഫീസിനു മുന്നില്‍ ഫെബ്രുവരി 23 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 12 മണിക്കൂര്‍ സൂചനാ ധര്‍ണ നടത്താന്‍ നമ്മള് തീരുമാനിച്ചിരിക്കുന്നത്. ഹെഡ് ഓഫീസിനു മുന്നില്‍ മാത്രമാണ് ഇപ്പോള്‍ ധര്‍ണ ആസൂത്രണം ചെയ്തിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ യൂണിറ്റുകളിലെ മുഴുവന്‍ അംഗങ്ങളും ഈ ധര്‍ണയില്‍ കൃത്യമായ സമയക്രമം പാലിച്ച് പ?ങ്കെടുക്കണം. അതിന്റെ സമയക്രമം കണ്‍വീനര്‍മാര്‍ അറിയിക്കും. മറ്റു യൂണിറ്റുകളിലുള്ളവര്‍ പ്രതിനിധികളെ അയക്കേണ്ടതാണ്.. ഡ്യൂട്ടിസമയം പാലിച്ചുകൊണ്ടായിരിക്കണം അംഗങ്ങള്‍ സമരത്തില്‍ പ?ങ്കെടുക്കേണ്ടത്..
അതിന്റെ വിശദാംശങ്ങള്‍ കണ്‍വീനര്‍മാര്‍ മുഖേന കൃത്യസമയത്തുതന്നെ അറിയിക്കുന്നതാണ്.. യൂണിറ്റ് സെല്ലുകള്‍ പ?ങ്കെടുപ്പിക്കുന്ന പ്രതിനിധികളുടെ വിവരങ്ങള്‍ നേരത്തെ സെക്രട്ടറിമാരെ അറിയിക്കേണ്ടതാണ്.
ഒരു രൂപപോലും അധികമായി ആവശ്യപ്പെട്ടല്ല നമ്മള് ഈ പോരാട്ടത്തിനിറങ്ങുന്നത്. ഇത്രയുംകാലം നമ്മുടെ ജീവിതത്തില്‍ നിന്ന് പറിച്ചെടുത്തുകൊണ്ടിരിക്കുന്നത് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടാണ്. ഏതൊരു മനുഷ്യനും ന്യായമായി ആവശ്യപ്പെടുന്നതില്‍ കൂടതല്‍ ഒന്നും നമ്മളും ആവശ്യപ്പെടുന്നില്ല. ഇത് സൂചന മാത്രമാണ്. എന്നിട്ടും കണ്ണും കാതും അടച്ചുപൂട്ടിയിരിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനമെങ്കില്‍ റിലേ സത്യഗ്രഹവും നിരാഹാരസത്യഗ്രഹവും മരണംവരെ സത്യഗ്രഹവുമടക്കമുള്ള അതിതീക്ഷ്ണമായ സമരപരമ്പരകളിലേക്ക് നമുക്ക് കടക്കേണ്ടിവരും..
ഏതിനും സജ്ജരാവുകയല്ലാതെ നമുക്കു മുന്നില്‍ മറ്റു പോംവഴികളില്ല.
23ന് നടക്കുന്ന സമരം വിജയിപ്പിക്കാന്‍ ഏറ്റവും കരുത്തോടെയും ഒത്തൊരുമയോടെയും ഒറ്റക്കെട്ടായും നമ്മള് മുന്നോട്ടുവരണമെന്ന് അറിയിക്കുകയാണ്. വിപ്ലവാഭിവാദ്യങ്ങളോടെ
മാധ്യമം എംപ്ലോയീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി