കോഴിക്കോട് : മലയാള നാടകാചാര്യനും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമായ മധു മാസ്റ്റര്‍ (74) അന്തരിച്ചു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അമ്മ, സ്പാര്‍ട്ടക്കസ്, പുലിമറഞ്ഞ കുട്ടന്‍ മൂസ്, മൂട്ട, സുനന്ദ തുടങ്ങി ഏറെ ശ്രദ്ധേയമായ പതിനഞ്ച് നാടകങ്ങളുടെ രചയിതാവാണ്. നാടക അഭിനയത്തിന് പുറമേ എട്ടോളം സിനിമകളില്‍ വേഷമിട്ടു.
നക്‌സല്‍ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ 6 മാസം അറസ്റ്റിലിരിക്കെ കൊടിയപീഡനങ്ങള്‍ നേരിട്ടു. സിപിഎം, സിപിഐ, സിപിഐഎംഎല്‍ സഹയാത്രികനായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ കാലത്ത് ഏറെ വിവാദമായ ‘അമ്മ’ എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചതിലൂടെ അദ്ദേഹത്തിന് ചരിത്രത്തില്‍ പ്രത്യേകസ്ഥാനം കുറിച്ചു. ജോണ്‍ അബ്രഹാം ഒരുക്കിയ കയ്യൂര്‍ സമരം സിനിമയ്ക്ക് തിരക്കഥ ഒരുക്കി. മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ എം.ടി. വിധു രാജിന്റെ പിതാവാണ്.
ഭാര്യ: കെ. തങ്കം. മറ്റൊരു മകന്‍: അഭിനയ രാജ് (എ എന്‍ എസ് മീഡിയ കൊച്ചി ). മരുമക്കള്‍ : സ്വര്‍ണ വിധു രാജ്, പി. സുദര്‍ഷിണ