കെ. ഷിന്റുലാൽ
കോഴിക്കോട് : മതപരമായ ചിഹ്നങ്ങൾ പോലും ഉപയോഗിക്കുന്നതിനു വിലക്കുള്ള സംസ്ഥാന പോലീസ് സേനയിൽ ക്ഷേത്രപിരിവ് നടത്താൻ സ്റ്റേഷൻ ചുമതല വഹിക്കുന്ന സിഐ ഉൾപ്പെടെയുള്ള യൂണിറ്റ് മേധാവിമാർക്ക് നിർദ്ദേശം. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് വിചിത്രമായ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ജീവനക്കാരുടെ സാലറി അക്കൗണ്ടിൽ നിന്നും ക്ഷേമ ഫണ്ടുകൾ പിരിച്ചെടുക്കുന്നത് സ്വകാര്യ ബാങ്കിനെ ഏല്പിച്ചത് വിവാദമാവുകയും പോലീസുകാർ പരസ്യമായി രംഗത്തു വരികയും പദ്ധതി പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ജനുവരി, ഫെബ്രുവരി മാസത്തെ അമ്പല പിരിവ് സാലറിയിൽ നിന്നും പിടിച്ചിരുന്നില്ല. അതിനാലാണ് കുടിശിക തുക പോലീസ് സ്റ്റേഷനിലെ യൂണിറ്റ് മേധാവിമാർ നേരിട്ട് പിരിക്കണമെന്ന് നിർദ്ദേശിച്ചത്. അതേസമയം രണ്ടുമാസത്തിന് ശേഷം വീണ്ടും പണം പിരിക്കാനുള്ള തീരുമാനം സേനാംഗങ്ങൾ ക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
പോലീസ് ഓഫീസർമാർ നേരിട്ടത്തി പണം പിരിക്കുന്നത് അംഗീകരിക്കാന്‍ പല പോലീസുകാരും തയാറായിട്ടില്ല.
വിശ്വസിയാണോ അല്ലെയോ എന്നെല്ലാം ഒരു ഓഫീസര്‍ മുമ്പാകെ പോലീസുകാര്‍ക്ക് വെളിപ്പെടുത്തേണ്ടതായി വരും. ഇത് സ്വകാര്യതക്കെതിരാണ്.
നിരീശ്വരവാദികളും അന്യമതസ്ഥരും ഉള്‍പ്പെടുന്നതാണ് സേന. ഇവരില്‍ നിന്നെല്ലാം പണം ഈടാക്കുകയെന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പോലീസുകാർ പറയുന്നു .
വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ നടത്തിപ്പ് സിറ്റി പോലീസിനാണ്. ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് മാസത്തില്‍ 20 രൂപയാണ് ഈടാക്കുന്നത് . ജില്ലയിലെ 3300 പോലീസുകാരില്‍ നിന്നും 20 രൂപ ഈടാക്കുമ്പോള്‍ 7.92 ലക്ഷം രൂപയാണ് ഓരോവര്‍ഷവും ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനം. നിസാരമായ തുകയായതിനാല്‍ ആരും പരസ്യവിമര്‍ശനത്തിന് തയാറായിരുന്നില്ല. സ്പെഷ്യൽ യൂണിറ്റുകളിൽ ഉള്ളവരുൾപ്പെടെ സ്ഥലം മാറ്റവും മറ്റും ഭയന്നാണ് ഈ നടപടക്കെതിരെ പ്രതികരിക്കാൻ തയ്യാറാവാത്തത്.
മുതലക്കുളം ക്ഷേത്രത്തിന്റെ പരിപാലനം പോലീസ് ഏറ്റെടുത്തത് മുതല്‍ വിവാദങ്ങളും ഉയര്‍ന്നിരുന്നു. ക്ഷേത്ര ആവശ്യത്തിനായി എആര്‍ ക്യാമ്പിലെ പോലീസുകാരെ ആദ്യഘട്ടത്തില്‍ നിയോഗിക്കുന്നത് പതിവായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം 12 പോലീസുകാരെവരെ ഇവിടെ നിയോഗിച്ചിരുന്നു. അന്ന് വിവാദമായപ്പോള്‍ ഇവരെ പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടുപോലീസുകാരെയാണ് ഇവിടെ വിന്യസിപ്പിച്ചത്. പാവണമണിറോഡിലെ ക്വാര്‍ട്ടേഴ്‌സ് ഭൂമി ക്ഷേത്രത്തിന് കൈമാറുന്നതിനെതിരേയും പ്ര്ശനങ്ങളുണ്ടായിരുന്നു.