മുക്കം: കക്കാട് ജി.എൽ.പി സ്കൂളിൽനിന്ന് ഈ വർഷം എൽ.എസ്.എസ് നേടിയവരും അൽമാഹിർ അറബിക് സ്കോളർഷിപ്പിന് അർഹത നേടിയവരുമായ എട്ടു വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങ് വാർഡ് മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആമിന എടത്തിൽ ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ കയ്യെഴുത്തു പതിപ്പുകൾ ചടങ്ങിൽ പ്രകാശനം ചെയ്തു. സ്കൂൾ ഗ്രൗണ്ടിൽ വച്ച് ഓരോ കുട്ടികളും തങ്ങൾ തയ്യാറാക്കിയ പതിപ്പുകൾ ഉയർത്തിപ്പിടിച്ചത് കുട്ടികളിലും കാഴ്ചക്കാരിലും ആവേശം പടർത്തി. എഴുത്തിലും വരയിലും വിന്യാസത്തിലും ഉള്ളടക്കത്തിലുമെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട വൈവിദ്ധ്യമാർന്ന, മനോഹരമായ പതിപ്പുകളാണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവയും പുറമെയുള്ളവയും പൊതുവിജ്ഞാനങ്ങളുമെല്ലാം ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വായനാചെപ്പ്, ഹലോ ഇംഗ്ലീഷ് എന്നിങ്ങനെയാണ് കയ്യെഴുത്തു പതിപ്പുകൾക്കു നൽകിയ പേര്. സ്കൂളിൽ വരുന്ന അച്ചടിമാധ്യമങ്ങളെ അടിസ്ഥാനമാക്കിയുള്ള ദിനേനയുള്ള ക്വിസ് മത്സരത്തിന്റെ ഭാഗമായി മെഗാ ക്വിസ് മത്സര വിജയികളെയും തെരഞ്ഞെടുത്തു.
കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു പതിപ്പുകളുടെ പ്രകാശനം കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നിർവാഹക സമിതി അംഗവും സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാനുമായ കെ.സി റിയാസ്, പി.ടി.എ പ്രസിഡന്റ് അഷ്റഫ് കെ.സി എന്നിവർ നിർവഹിച്ചു.
പി.ടി.എ വൈസ് പ്രസിഡന്റ് കെ ലുഖ്മാനുൽ ഹഖീം, എം.പി.ടി.എ ചെയർപേഴ്സൺ കമറുന്നീസ മൂലയിൽ, പ്രധാനാദ്ധ്യാപിക ജാനിസ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ, ഹബീബ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ മിടുക്ക് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും നൽകി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കയ്യെഴുത്തു പതിപ്പുകളുടെ പ്രദർശനവും സ്കൂൾ വരാന്തയിൽ നടന്നു. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, ഫിറോസ് മാസ്റ്റർ, ബിന്ദു ടീച്ചർ, റഹീം മാസ്റ്റർ, ഷീബ ടീച്ചർ, മുഫീദ ടീച്ചർ, വിപിന്യ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.