KERALAlocaltop news

അപൂര്‍വ ജനിതക വൈകല്യമുള്ള യമനി ബാലികയ്ക്ക് ആസ്റ്റര്‍ മിംസില്‍ വിജയകരമായി കരള്‍ മാറ്റിവെച്ചു

 

കോഴിക്കോട്: അപൂര്‍വമായി മാത്രം കണ്ടുവരുന്ന ജനിതക വൈകല്യം മൂലം ലിവര്‍ സിറോസിസ് ബാധിച്ച യമന്‍ സ്വദേശിയായ ഏഴ് വയസുകാരിക്ക് ആസ്റ്റര്‍ മിംസില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി കരള്‍ മാറ്റിവെച്ചു. പ്രോഗ്രസ്സിവ് ഫമീലിയല്‍ ഇന്‍ട്രാഹെപാറ്റിക് കൊളസ്റ്റാസിസ് (പിഎഫ്ഐസി) എന്ന കുട്ടികളില്‍ കണ്ടുവരുന്ന അപൂര്‍വ ജനിതക വൈകല്യമാണ് ബേബി അലായില്‍ ഉണ്ടായിരുന്നത്. ഇതുമൂലം ലിവര്‍ സിറോസിസ് ബാധിച്ച കുട്ടിക്ക് കടുത്ത മഞ്ഞപിത്തവും വളര്‍ച്ചാ മുരടിപ്പും ഉണ്ടായിരുന്നുവെന്ന് ആസ്റ്റര്‍ മിംസ് ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. എബ്രഹാം മാമ്മന്‍ പറഞ്ഞു.

ഇതിന് കരള്‍ മാറ്റിവെയ്ക്കലാണ് ഏക പോംവഴിയെന്ന് കുട്ടിയെ പരിശോധിച്ച ദുബായിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് ഞെട്ടലോടെയാണ് മാതാപിതാക്കള്‍ കേട്ടത്. മെഡിക്കല്‍ വാല്യൂ ട്രാവല്‍ സംഘത്തിന്റെയും ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേഷന്‍ സംഘത്തിന്റെയും ഏകോപിത ശ്രമങ്ങള്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കുകയും അവര്‍ ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ഡോ.ജുബിന്‍ കമറിനെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. മൂത്ത സഹോദരിയാണ് അലായ്ക്ക് താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ കരള്‍ പകുത്ത് നല്‍കിയത്. ഡോ. സജീഷ് സഹദേവന്റെ നേതൃത്വത്തില്‍ ഹെപറ്റോബിലിയറി സര്‍ജിക്കല്‍ വിഭാഗത്തിലെ ഡോ. നൗഷിഫ് എം, ഡോ. അഭിഷേക്, ഡോ. സീത, ഡോ. അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുളള ഹെപറ്റോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍, ട്രാന്‍സ്പ്ലാന്റ് ക്രിട്ടിക്കല്‍ കെയറിലെ ഡോ. കിഷോര്‍, ഡോ. രാകേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. 9 മുതല്‍ 14 മണിക്കൂര്‍ നീളുന്ന അതിസങ്കീര്‍ണ പ്രക്രിയയാണ് കരള്‍ മാറ്റിവെയ്ക്കലെന്ന് ഡോ. സജീഷ് സഹദേവന്‍ വ്യക്തമാക്കി. ശസ്ത്രക്രിയയെ തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ ഈയിടെ പ്രഖ്യാപിച്ച ആസ്റ്റര്‍ മിംസിലെ കുറഞ്ഞ ചെലവിലുള്ള കുട്ടികളിലെ കരള്‍ മാറ്റിവെയ്ക്കല്‍ പദ്ധതി ഗുരുതരമായ കരള്‍ രോഗമുള്ള നിരവധി കുട്ടികള്‍ക്ക് പ്രയോജനകരമായിട്ടുണ്ടെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ക്ലസ്റ്റര്‍ ഹെഡും ആസ്റ്റര്‍ മിംസ് സിഇഒയുമായ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. കുട്ടികളിലെ കരള്‍ മാറ്റിവെയ്ക്കല്‍ ഉള്‍പ്പെടെയുള്ള ഏറെ ചെലവ് വരുന്ന പ്രക്രിയകള്‍ക്ക് പണം ഒരു പ്രതിബന്ധമാകില്ലെന്ന് ആസ്റ്റര്‍ മിംസ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗം ഭേദമായി മകളുമായി തിരിച്ചു പോകാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അലായുടെ പിതാവ് വാലീദ് അലി അബ്ദു പറഞ്ഞു. മകളുടെ ജീവന്‍ തിരിച്ചു നല്‍കിയ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരോട് അദ്ദേഹം നന്ദി പറഞ്ഞു. മലബാര്‍ മേഖലയിലെ ഒരു ആശുപത്രിയില്‍ കരള്‍ മാറ്റിവെയ്ക്കലിന് വിധേയമാകുന്ന വിദേശത്ത് നിന്നുള്ള ആദ്യ കുട്ടിയാണ് അലായെന്ന് ആസ്റ്റര്‍ മിംസ് സിഒഒ ലുക്മാന്‍ പി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close