തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ ആർക്കും എവിടെനിന്നും ഒറ്റ ക്ലിക്കിലൂടെ മനസ്സിലാക്കാവുന്ന പുതിയ സംവിധാനം നിലവിൽ വരുന്നു. വകുപ്പ് നേരത്തെ പ്രഖ്യാപിച്ച പ്രൊജക്റ്റ് മാനേജ്മന്റ് സിസ്റ്റം ആണ് ‘ തൊട്ടറിയാൻ പിഡബ്ല്യൂഡി’ എന്ന പേരിൽ നടപ്പാവുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 20 നു ബുധനാഴ്ച ഉച്ചക്ക് 12.15 നു മാസ്കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷൻ ആവും.
പൊതുമരാമത്ത് വകുപ്പിൽ ഒരു പദ്ധതി ആരംഭിച്ചാൽ അത് പൂർത്തിയാകുന്നതുവരെ പദ്ധതിയുടെ ഓരോ ഘട്ടത്തിലുമുള്ള പുരോഗതിയും അറിയാൻ കഴിയുന്ന സോഫ്റ്റ്വെയർ ആണിത്. ഈ പ്രൊജക്റ്റ് മാനേജ്മന്റ് സിസ്റ്റം വഴി ഓരോ പ്രവൃത്തിയും എപ്പോൾ തുടങ്ങും, എപ്പോൾ അവസാനിക്കും, എത്ര ശതമാനം പണി പൂർത്തിയായി എന്നിങ്ങനെയുള്ള വിവരങ്ങൾ ലഭ്യമാവും. ആദ്യ ഘട്ടത്തിൽ ജന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമാണ് ഈ സോഫ്റ്റ്വെയർ ഉപകാരപ്പെടുക. പിന്നീട് വകുപ്പിന്റെ കീഴിലുള്ള ഓരോ പ്രവൃത്തിയുടെയും വിവരങ്ങൾ ഡേറ്റ ആയി അപ്പ് ലോഡ് ചെയ്യുന്ന മുറയ്ക്ക് പൊതുജനങ്ങൾക്കും ഈ ആപ്പ് വഴി വിവരങ്ങൾ ലഭ്യമായി തുടങ്ങും. ജന പ്രതിനിധികൾക്ക് അവരുടെ മണ്ഡലത്തിലെ മുഴുവൻ നിർമാണ പ്രവൃത്തികളുടെയും വിശദാംശങ്ങൾ ലഭ്യമാവും. ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ മറച്ചുവെക്കാനും കഴിയില്ല. നൂറ്റി നാല്പത് മണ്ഡലങ്ങളിലെയും റോഡുകളുടെ ചുമതല ഉള്ള ഉദ്യോഗസ്ഥർ പരിശോധനയുടെ ഭാഗമായിൽ ലഭിക്കുന്ന വിവരങ്ങളും ഇതിൽ അപ്പ് ലോഡ് ചെയ്യും.
കരാറുകാർക്ക് അവരുടെ പ്രശ്നങ്ങൾ ഇതിലൂടെ ഉന്നയിക്കാൻ കഴിയും എന്നത് അവരെ സംബന്ധിച്ച് വലിയ നേട്ടമാവും. സോഫ്റ്റ്വെയർ പൂർണ അർത്ഥത്തിൽ പ്രവർത്തന നിരതമാവുന്നതോടെ പൊതുജനങ്ങൾക്ക് സ്വന്തം നാട്ടിലെ പ്രവൃത്തികൾ ആരുടേയും സഹായമില്ലാതെ ഒറ്റ ക്ലിക്കിലൂടെ മനസിലാക്കാൻ സാധിക്കും. വകുപ്പിലെ ഓരോ പ്രവൃത്തിയിലും സുതാര്യത ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു 2021 നവംബറിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ പ്രൊജക്റ്റ് മാനേജ്മന്റ് സിസ്റ്റം ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. 2022 ൽ തന്നെ പദ്ധതി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നതായും മന്ത്രി പറഞ്ഞു.