കോഴിക്കോട് : കോഴിക്കോട് നഗരസഭയിലെ സർവേ വിഭാഗം പ്രവർത്തനങ്ങളിൽ കാലതാമസം വരുത്തുന്നുവെന്ന പരാതിയെ കുറിച്ച് ജില്ലാ കളക്ടറെ അറിയിക്കാൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽയോഗത്തിൽ തീരുമാനം.
വീടിന്റെ പ്ലാനിന് രണ്ട് വർഷമായി കാത്തിരിക്കുന്ന കൊമ്മേരി സ്വദേശിയുടെ പ്രശ്‌നം ഭരണപക്ഷ അംഗം എൻ.സി.മോയിൻ കുട്ടിയാണ് ശ്രദ്ധയിൽ കൊണ്ടുവന്നത്. അപേക്ഷിച്ച് രണ്ട് വർഷമായിട്ടും നടപടിയുണ്ടായിട്ടില്ല. ലൈഫിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വീടിനുള്ള സഹായം നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട സർവേയറിൽ നിന്ന് തുക ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലർ എം.പി. ഹമീദ്, കെ.മൊയ്തീൻകോയ എന്നിവരും പ്രശ്‌നം ചൂണ്ടിക്കാട്ടി.
കാലതാമസമുണ്ടാകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സെക്രട്ടറി കെ.യു.ബിനി പറഞ്ഞു. സർവേ വിഭാഗം റവന്യൂ വകുപ്പിന് കീഴിലാണെന്നും അതിനാൽ തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്തു. കൂടാതെ കളക്ടറെ ധരിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. സർവേ പ്രവർത്തനം പുനരവലോകനത്തിന് വിധേയമാക്കുമെന്നേ ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു. എസ്കലേറ്റർ വിവാദം പുതിയസ്റ്റാൻഡിലെ എസ്‌കലേറ്ററും അതിനോട് ചേർന്ന കടമുറികളും സ്വകാര്യ കമ്പനിയെ നടത്തിപ്പിന് ഏൽപ്പിച്ച തീരുമാനം റദ്ദാക്കാൻ ധനകാര്യ കമ്മറ്റി ശുപാർശ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി സെക്രട്ടറി വി.അച്ചുതൻ പറഞ്ഞു. വ്യവസ്ഥപ്രകാരമുള്ള പണമടക്കാത്തതിനാലാണ് നടപടി. കമ്പനിയെ കരിമ്പട്ടികയിലുൾപ്പെടുത്തണമെന്
പലവട്ടം നോട്ടീസ് നൽകിയിട്ടും കമ്പനി പണമടച്ചില്ല. എസ്.കെ.അബൂബക്കർ, പി.പി. നിഖിൽ,എൻ.ജയഷീല, സുജാത കൂടത്തിങ്കൽ എന്നിവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
എൽ.ഐ.സി.യുടെ ഓഹരി വിൽപനയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് പ്രമേയം പാസാക്കി. എൽ.ഡി.എഫിലെ ഒ.സദാശിവനാണ് പ്രമേയം അവതരിപ്പിച്ചത്. ബി.ജെ.പി.അംഗങ്ങൾ എതിർത്തു. പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് നൽകാനുള്ള ഫണ്ട് ഉയർത്തണമെന്ന പി.പി.നിഖിൽ അവതരിപ്പിച്ച പ്രമേയവും പാസാക്കി. അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും മാവേലി-നീതി സ്റ്റോറുകൾ വഴി സാധനം ലഭ്യമാക്കണമെന്നുമുള്ള യു.ഡി.എഫിലെ അൽഫോൻസാ മാത്യുവിന്റെ പ്രമേയം വോട്ടിനിട്ട് തള്ളി. കൗൺസിലർമാരായ എം.സി.അനിൽകുമാർ, സി.പി.സുലൈമാൻ, പി.കെ.നാസർ, ടി.റെനീഷ്, നവ്യ ഹരിദാസ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
വിവരാവകാശ രേഖ നൽകി സൗഫിയയെ ചതിച്ചതാര്
വിവരാവകാശം നൽകി വ്യക്തിഹത്യ നടത്തിയതായി കൗൺസിലർ.
ബീച്ചിലെ മലിനജലസംസ്‌കരണപ്ലാന്റുമായി ബന്ധപ്പെട്ട് കോർപറേഷനിൽ നിന്ന് തെറ്റായ വിവരാവകാശം നൽകി കൗൺസിലർ സൗഫിയ അനീഷിനെ വ്യക്തിഹത്യ നടത്തുവെന്ന ശ്രദ്ധക്ഷണിക്കലിന് അനുമതി നൽകിയില്ല. ബീച്ചിലെ മലിനജലസംസ്‌കരണപ്ലാന്റുമായി ബന്ധപ്പെട്ടുള്ള കൗൺസിലിൽ സൗഫിയ അനീഷ് അതിനെ അനുകൂലിച്ചെന്ന രേഖയാണ് സി.ഐ.ടി.യു.വിലുള്ള വ്യക്തിക്ക് വിവരാവകാശപ്രകാരം നൽകിയത്. മെഡിക്കൽ കോളേജിലെ എസ്.ടി.പി.യെ കുറിച്ചുള്ള കൗൺസിലിന്റെ വിവരമാണ് ബീച്ചിലേതെന്ന രീതിയിൽ നൽകിയത്.
തുടർന്ന് സൗഫിയ കോർപറേഷനിൽ പരാതി ഉന്നയിച്ചപ്പോൾ തെറ്റ് പറ്റിയതാണെന്ന മറുപടി സെക്രട്ടറിയിൽ നിന്ന് ലഭിച്ചു. ഉദ്യോഗസ്ഥർ മന:പൂർവം തെറ്റായ മറുപടി നൽകിയതെന്നാണ് യു.ഡി.എഫ്. ആക്ഷേപം. ഇക്കാര്യം ശ്രദ്ധക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വ്യക്തതയില്ലെന്നും വിവരാവകാശ കമ്മീഷണർക്കുൾപ്പെടെ പരാതി നൽകാമെന്നും ഡെപ്യൂട്ടി മേയർ വ്യക്തമാക്കി.