വൈത്തിരി: പെട്രോള്‍ ബങ്കിന്റെ അഭാവം വൈത്തിരിയിലെത്തുന്ന സഞ്ചാരികളെയും തദ്ദേശീയരായ വാഹന ഉടമകളെയും പ്രയാസത്തിലാക്കുന്നു. വൈത്തിരിക്കാരും ഇവിടെയെത്തുന്നവരും ഇന്ധനം നിറയ്ക്കാന്‍ കിലോമീറ്ററുകള്‍ അകലെ ചുണ്ടേലിലുള്ള ബങ്കിനെ ആശ്രയിക്കേണ്ട സ്ഥിതിയാണിപ്പോള്‍. കോഴിക്കോട്-കല്‍പറ്റ റൂട്ടില്‍ അടിവാരം കഴിഞ്ഞാല്‍ 20 കിലോമീറ്റര്‍ അകലെ ചുണ്ടേലിലാണ് ബങ്ക്. ചുണ്ടേല്‍ കഴിഞ്ഞാല്‍ ഇന്ധനം അടിക്കാന്‍ കല്‍പറ്റ വെള്ളാരംകുന്നിലെത്തണം.
ലക്കിടിയില്‍ പെട്രോള്‍ ബങ്ക് സ്ഥാപിക്കാന്‍ നേരത്തേ നീക്കം നടന്നതാണ്. സ്ഥലം കണ്ടെത്തി നിര്‍മാണം തുടങ്ങാനിരിക്കെയാണ് നിയമപരമായ ചില തടസ്സങ്ങള്‍ ഉണ്ടായത്. ഭൂമി വയല്‍ ആയതിനാല്‍ നിര്‍മാണത്തിനു വിലക്കുവന്നു. ഇതോടെ പെട്രോള്‍ ബങ്ക് എന്ന വൈത്തിരി-ലക്കിടി നിവാസികളുടെ സ്വപ്‌നം പൊലിഞ്ഞു. ഇതര
സംസ്ഥാനങ്ങളില്‍നിന്നു വരുന്ന ചരക്കുലോറികളടക്കം വാഹനങ്ങള്‍ ഇന്ധനം കഴിഞ്ഞതിനാല്‍ ചുരത്തില്‍ നിര്‍ത്തിയിടേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഇതു ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ചുണ്ടേലിനും അടിവാരത്തിനും ഇടയില്‍ ബങ്ക് ഇല്ലാത്ത സാഹചര്യം മുതലെടുക്കുന്നവരും നാട്ടിലുണ്ട്. പെട്രോളും ഡീസലും ഒരു ലിറ്ററിന്റെ കുപ്പികളിലാക്കി അധിക വിലയ്ക്കു രഹസ്യമായി വില്‍ക്കുന്നതു ചിലര്‍ തൊഴിലാക്കിയിരിക്കയാണ്. വഴിയില്‍ കുടുങ്ങുന്നവരും സാഹസപ്പെട്ട് ഇന്ധനം വാങ്ങാന്‍ മടിയുള്ളവരുമാണ് ഇവരുടെ ഇരകള്‍. നിയമ-സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ നീക്കി വൈത്തിരിയില്‍ പെട്രോള്‍ ബങ്ക് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം