BusinessKERALATechnology
സ്റ്റാര്‍ട്ടപ്പ് മിഷന്റെ നിയര്‍വാലയിലെത്തിയാല്‍ സമ്മാനം ഉറപ്പ്
കോഴിക്കോട്: ഉത്തരം പറയാനും സമ്മാനം നേടാനുമായി നിയര്‍വാലയുടെ സ്റ്റാളിലെത്തുന്നവരുടെ എണ്ണത്തില്‍ മേളയുടെ ആറാം ദിനവും ഒട്ടും കുറവില്ല. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെ ക്യൂക്കോപ്പി എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സ്റ്റാളിലാണ് സന്ദര്‍ശകര്‍ ഭാഗ്യപരീക്ഷണത്തിനെത്തുന്നത്. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന സന്ദര്‍ശകര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ചില ദിവസങ്ങളില്‍ ഗെയിമുകളുമായാണ് ടീമെത്തുന്നത്. ഗെയിമുകളില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി വീട്ടില്‍ പോകാം. കമ്പനിയുടെയും നിയര്‍വാലയുടെയും വിശേഷങ്ങളുമായി ക്യുകോപ്പി ടീം സ്റ്റാളിലുണ്ട്.
ക്യുകോപ്പി സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പുതിയ ആപ്പാണ് നിയര്‍വാല. നമുക്ക് ചുറ്റുമുള്ള ഓഫറുകള്‍ അറിയാന്‍ സഹായിക്കുന്ന ആപ്പാണിത്. കമ്പനികളും ഷോപ്പുകളും റെസ്റ്റോറന്റുകളും നല്‍കുന്ന മികച്ച ഡീലുകള്‍ നിയര്‍വാലയിലൂടെ സ്വന്തമാക്കാം. ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം. ഫോണില്‍ നിയര്‍വാല ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഓഫറുകളും ഡീലുകളും മിസ്സാകാതെ നിയര്‍വാല നോക്കും. ആപ്പിന്റെ ലോഞ്ചിന്റെ ഭാഗമായാണ് ക്യുകോപ്പി മത്സരങ്ങളുമായി പ്രദര്‍ശനനഗരിയിലെത്തിയത്.
നിപ കേരളത്തില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ സര്‍ക്കാര്‍ അറിയിപ്പുകളെന്ന പേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ഒരു വലിയ പ്രതിസന്ധിയായിരുന്നു. അന്ന് അരുണ്‍ പെരൂളിയെന്ന മുപ്പത്തിനാലുകാരന്റെ മനസ്സിലുദിച്ച ആശയമായിരുന്നു ക്യുകോപ്പിയെന്ന മൊബൈല്‍ അപ്ലിക്കേഷന്‍. ക്യുകോപ്പി സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ അമരക്കാരനാണ് അരുണ്‍. 2018 ല്‍ ഉള്ളിയേരിക്കാരനായ അരുണ്‍ ആരംഭിച്ച കമ്പനിയാണ് ക്യുകോപ്പി എന്ന അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. കോവിഡ് സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അന്നത്തെ ജില്ലാ കളക്ടര്‍ യു. വി. ജോസിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് അപ്ലിക്കേഷന് രൂപം നല്‍കിയത്. സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെയും സഹകരണത്തില്‍ കമ്പനി ആപ്പ് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ജനങ്ങള്‍ക്കായി ആപ്പ് സമര്‍പ്പിച്ചത്.
കേരളം നേരിടേണ്ടി വന്ന നിപ, പ്രളയം, കോവിഡ് പോലെയുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ സര്‍ക്കാരിന്റെ വാര്‍ത്താവിതരണത്തില്‍ കാര്യമായ പങ്കു വഹിക്കാനായി എന്നു പറയുന്നു അരുണ്‍. ജി ഒ കെ ഡയറക്റ്റ് എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ഒരിക്കലെങ്കിലും ഡൗണ്‍ലോഡ് ചെയ്യാത്തവരായി ആരുമുണ്ടാവില്ല. കോവിഡ് സംബന്ധിച്ച സര്‍ക്കാരില്‍ നിന്നുമുള്ള എല്ലാ വിവരങ്ങളും ഈ ആപ്പിലൂടെയായിരുന്നു ജനങ്ങളിലെത്തിയത്. വാര്‍ത്തകള്‍ കൃത്യമായും വ്യക്തമായും വിതരണം ചെയ്യാന്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനായതി ന്റെ സന്തോഷവും അരുണിന്റെ വാക്കുകളിലുണ്ട്. കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംരംഭകര്‍ക്കായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തരാണിവര്‍. യുവ സംരംഭകര്‍ക്കും കോവിഡ് കാലത്ത് നാട്ടിലേക്ക് തിരിച്ചു വന്ന പ്രവാസികള്‍ക്കായി അനേകം സ്‌കീമുകള്‍ മിഷന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആളുകളെ സഹായിക്കുന്ന സര്‍ക്കാരിന്റെ ഇത്തരം പദ്ധതികളാണ് യുവസംരംഭകരെ ആകര്‍ഷിക്കുന്നതെന്നും പറയുന്നു ക്യൂകോപ്പി സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകരായ രാജീവ് സുരേന്ദ്രന്‍, കെ. സി. രാഹുല്‍ എന്നിവര്‍.