കുറ്റിപ്പുറം: പ്രശസ്ത പാചകവിദഗ്ധൻ സുരേഷ് പിള്ളയ്ക്ക് കെഎംസിടി കോളജ് ഓഫ് ഹോട്ടൽ മാനെജ്മെന്‍റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ “ഇന്നൊവേറ്റിവ് ആൻഡ് ഇൻസ്പിരേഷനൽ ഷെഫ്’ പുരസ്കാരം സമ്മാനിച്ചു. കെ.എം.സി.ടി.എച്ച്.എം.സി.ടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളജ് അഡ്മിനിസ്ട്രേറ്റർ നദീർ അബ്ദുൾ സലാം പുരസ്കാരം സമർപ്പിച്ചു. പ്രിൻസിപ്പൽ അജിത്ത് കൃഷ്ണൻ നായർ, ഡിപ്പാർട്ട്മെന്‍റ് മേധാവി ഷെഫ് നവീൻ അബ്രഹാം, ഉദയ ശങ്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കോളജിൽ ആരംഭിച്ച ഗാസ്ട്രൊനോമിക് ക്ലബ്ബ് ഷെഫ് സുരേഷ്പിള്ള ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന മാസ്റ്റർ ക്ലാസ് സെഷനിൽ തന്‍റെ പ്രശസ്ത വിഭവമായ ഫിഷ് നിർവാണയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സ്ഥിരോത്സാഹവും കഠിനാധ്വാനവും സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുമെന്നു വിദ്യാർഥികളുമായി സംവദിക്കവെ അദ്ദേഹം പറഞ്ഞു. പാചകമേഖലയിലേക്ക് ആദ്യമായി എത്തപ്പെട്ടതു മുതൽ ബിബിസി മാസ്റ്റർ ഷെഫ് ആയി തെരഞ്ഞെടുക്കപ്പെട്ടതു വരെയുള്ള ജീവിതാനുഭവങ്ങളും പങ്കുവച്ചു.