കോഴിക്കോട് :- ഭവന നിർമ്മാണ വായ്പ നൽകുമ്പോൾ വായ്പയെടുക്കുന്നയാൾ മരിച്ചാൽ വായ്പാ തുക പൂർണമായും കവർ ചെയ്യുന്ന വിധത്തിലുള്ള ഇൻഷ്വറൻസ് പരിരക്ഷ നിർബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഒരു യോഗം ചീഫ് സെക്രട്ടറി തലത്തിൽ വിളിച്ചു ചേർക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കേരള ബാങ്കിന്റെ മാങ്കാവ് ശാഖയിൽ നിന്നും 8 ലക്ഷം രൂപയുടെ ഭവനനിർമ്മാണ വായ്പയെടുത്ത നിർദ്ധന കുടുംബത്തിലെ ഗൃഹനാഥനായ പന്നിയങ്കര സ്വദേശി സുരേഷ് ബാബു വൃക്കരോഗം ബാധിച്ച് മരിച്ചതിനെ തുടർന്ന് വായ്പ ബാധ്യതയായി മാറിയെന്ന പരാതിയിൽ ഇടപെട്ടുകൊണ്ടാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.
സംസ്ഥാനത്തെ മറ്റ് ബാങ്കുകൾ ഭവന വായ്പ നൽകുമ്പോൾ വായ്പക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകാറുണ്ട്.
എന്നാൽ കേരള ഗ്രാമീൺ ബാങ്കിൽ ഇത്തരം പരിരക്ഷ നിലവിലില്ലെന്നും പരിരക്ഷയുണ്ടായിരുന്നെങ്കിൽ വൻ ബാധ്യത കുടുംബത്തിന് ഒഴിവാക്കാമായിരുന്നുവെന്നുമാണ് പരാതി.
കമ്മീഷൻ ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. വായ്പ്പ എടുക്കുന്നയാളിന് താത്പര്യമുണ്ടെങ്കിൽ മാത്രം ലൈഫ് ഇൻഷ്വറൻസ് കവറേജ് സ്വീകരിച്ചാൽ മതിയെന്ന് റിപ്പോർട്ടിൽ പറയുന്നു. മരിച്ചയാൾക്ക് ലൈഫ് ഇൻഷ്വറൻസ് കവറേജ് ലഭ്യമല്ലെന്നും വായ്പ തിരിച്ചടയ്ക്കാത്തതിനാൽ സർഫാസി നിയമപ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും കേരള ഗ്രാമീൺ ബാങ്ക് കമ്മീഷനെ അറിയിച്ചു. 2021 ജൂലൈ 22 ലെ കണക്കനുസരിച്ച് 876545 രൂപ തിരിച്ചടക്കാനുണ്ട്.
6260 മോശം വായ്പ അക്കuണ്ടുകളിലായി ഒൻപത് കോടിയിലധികം രൂപ ബാങ്ക് എഴുതി തള്ളിയിട്ടുണ്ടെന്നും ഉടമകളില്ലാത്ത 21 കോടിയിലധികം രൂപ ബാങ്കിന്റെ കൈവശമുണ്ടെന്നും ഇതുപയോഗിച്ച് മരിച്ച സുരേഷ്ബാബുവിന്റെ വായ്പ എഴുതി തള്ളണമെന്നും പരാതിക്കാരനായ പൊതു പ്രവർത്തകൻ കാട്ടിൽ ബാലചന്ദ്രൻ കമ്മീഷനോട് ആവശ്യപ്പെട്ടു.
പരേതനായ സുരേഷ് ബാബുവിന്റെ കുടുംബം അനുഭവിക്കുന്ന പ്രയാസങ്ങൾ മാനുഷികമായ കാഴ്ചപ്പാടോടെ സമീപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
സുരേഷ് ബാബുവിന്റെ കുടുംബത്തിന് ആശ്വാസം നൽകാൻ കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫീസർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറിയും ജില്ലാ സാമൂഹികചീഫ് സെക്രട്ടറിയും ജില്ലാ സാമൂഹിക നീതി ഓഫീസറും 3 മാസത്തിനകം കമ്മീഷനെ അറിയിക്കണം.