KERALAlocaltop news

മിഠായിതെരു നവീകരണത്തിൽ അപാതകളേറെയെന്ന് നഗരസഭ എഞ്ചിനിയർ ; ഊരാളുങ്കൽ സൊസൈറ്റി പ്രതിക്കൂട്ടിൽ

കോഴിക്കോട്: മിഠായിത്തെരുവ് നവീകരണത്തിൽ അപാകതകളേറെയെന്ന് കോർപറേഷൻ എഞ്ചിനീയറിങ്
വിഭാഗം. മേയർ ഡോ.ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ്
കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർ ഇക്കാര്യം വ്യക്തമാക്കിയത്. അശാസ്ത്രീയമായി ഓവുചാലിന് മുകളിലിട്ട
സ്ലാബും ടൈലുകളും പൊളിച്ചു നീക്കിയശേഷമേ ഓവുചാലിലുള്ള തടസം നീക്കാനാവൂ. ഓവുചാലിലെ തടസംകാരണം കുടിവെള്ള പൈപ്പ് മലിനജലത്തിൽ മുങ്ങി നന്നാക്കാനാവാതെ ഒരുമാസമായി തെരുവിൽ വെള്ളം
മുടങ്ങിയ കാര്യം എസ്.കെ.അബൂബക്കറാണ് കൗൺസിലിന്‍റെ ശ്രദ്ധയിൽ പെടുത്തിയത്. ഒരു ഭാഗത്തെ  ടൈൽ
പൊളിച്ച് പ്രശ്നം പരിഹരിക്കാൻ മാത്രം 10.08 ലക്ഷം രൂപ ചെലവ് വരുമെന്ന് എഞ്ചിനീയർ പറഞ്ഞു.
ജനങ്ങളുടെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്ന് കൗൺസിലർ ചൂണ്ടിക്കാട്ടി.
നവീകരണത്തിന് നേതൃത്വം നൽകിയ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ജൂലായ് 25 നാണ് മി ഠായിത്തെരുവിന്‍റെ
ചുമതല കോർപറേഷന് കൈമാറിയതെന്ന് എഞ്ചിനീയർ പറഞ്ഞു. ഊരാളുങ്കൽ കോൺട്രാക്ട് സൊസൈറ്റിയാണ് തെരുവ് നവീകരിച്ചത്. ഓട പൊളിക്കാനാവാത്തതിനാൽ ഇപ്പോഴും ബ്ലോക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

മറ്റ് ഭാഗങ്ങളിലും സമാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ. മൊത്തം പൊളിച്ച് പണിയേണ്ടി
വരും. കുടിവെള്ള പ്രശ്നത്തിന് ഉടൻ യോഗം വിളിച്ച് താൽകാലിക പരീഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് മേയർ ഉറപ്പു നൽകി. ഊരാളുങ്കൽ സൊസൈറ്റിയുടെയും ഡി.ടി.പി.സി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് കെ.മൊയ്തീൻ കോയ പറഞ്ഞു. കോടികൾ ചെലവിട്ട് നന്നാക്കിയ തെരുവ് ഇങ്ങനെയായത് വലിയ പ്രശ്നമാണെന്ന്
എൻ.സി.മോയിൻ കുട്ടിയും പറഞ്ഞു. പ്രശ്നംപരിഹരിച്ചില്ലങ്കിൽ നിരാഹാര സമരം നടത്തുമെന്ന് കൗൺസിലർ എസ്.കെ.അബൂബക്കർ മുന്നറിയിപ്പു നൽകി.
കേരളത്തെ അപമാനിക്കും വിധം സംഘ് പരിവാർ വേദിയിൽ മേയർ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചതിൽ കൗൺസിലിൽ യു.ഡി.എഫ് പ്രതിഷേധം. പത്രവാർത്തകൾ അടിസ്ഥാനമായുള്ളതാണ് പ്രമേയമെന്ന് ആരോപിച്ചാണ് അനുമതി നിഷേധിച്ചത്. ഇതേതുടർന്ന് ബി.ജെ.പി-സി.പി.എം ഒത്തുകളി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവും പ്ലകാർഡുകളുമായായിരുന്നു പ്രതിഷേധം.
കോർപറേഷൻ കെട്ടിട നമ്പർ തട്ടിപ്പ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് പുനപ്പരിശോധിക്കണമെന്ന് കെ.മൊയ്തീൻകോയ ശ്രദ്ധ ക്ഷണിച്ചു. സർക്കാറിന്‍റെയും കോർപറേഷന്‍റെയും പിന്തുണയോടെയാണ് അന്വേഷണമെന്നും ആദ്യം അന്വേഷിച്ചവരെതന്നെ ഏൽപ്പിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയാണെന്നും മേയർ അറിയിച്ചു.
നഗരത്തിലെ മാലിന്യ പ്രശ്നം കൗൺസിൽ യോഗത്തിൽ വലിയ ചർച്ചയായി. വിവിധയിടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്ന കാര്യവും ഹരിത കർമ സേനക്കാർ കടലാസും ഇലകളും പുല്ലുമൊന്നും എടുക്കാത്ത കാര്യവും  ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഭൂരിപക്ഷം അംഗങ്ങളും നിരത്തി. മുമ്പൊന്നുമില്ലാത്ത വിധം മാലിന്യം കുമിഞ്ഞുകൂടുകയാണ്. എൻ.സി.മോയിൻ കുട്ടി, ശിവ പ്രസാദ് എന്നിവരാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. ഞെളിയൻ പറമ്പിൽ സ്ഥലമില്ലെന്നും പരമാവധി മാലിന്യം കുറക്കാനും മാലിന്യം ഉറവിടങ്ങളിൽ തന്നെ സംസ്ക്കരിക്കാനും നടപടി വേണമെന്നും മേയറും ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്.ജയശ്രീയും പറഞ്ഞു. വെസ്റ്റ് ഹില്ലിലെയും പുതുതായി വരുന്ന നെല്ലിക്കോട്ടെയും പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റുകൾ പ്രവർത്തന മാകുന്നതോടെ പ്രശ്നങ്ങൾക്ക് ചെറിയ ശമനമുണ്ടാവും. ശുചിത്വ പ്രോട്ടോകോൾ പാലിക്കാൻ ഒറ്റക്കെട്ടായി നീങ്ങണമെന്നും  ഡെപ്യൂട്ടി മേയർ അഭ്യർത്ഥിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close