KERALAlocaltop news

പോലീസ് സേനയ്ക്ക് പുതിയ മൊബൈൽ ആപ് റെഡി

കോഴിക്കോട് :

പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികൾ സമയബന്ധിതവും കാര്യക്ഷമവുമായി നിർവ്വഹിക്കുന്നതിനായി മി-കോപ്സ് എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.
അൻപത്തിമൂന്ന് മൊഡ്യൂളുകൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന മി-കോപ്സ് മൊബൈൽ ആപ്പ്, വിവിധ ഘട്ടങ്ങളായി വികസിപ്പിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ 16 മൊഡ്യൂളുകളാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. പോലീസുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് സംബന്ധമായ വ്യക്തിഗത വിവരങ്ങളും കൈകാര്യം ചെയ്യുന്ന, പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായുള്ള ഇന്ത്യയിലെ ഏറ്റവും ആധുനിക മൊബൈൽ ആപ്പാണിത്.

ഈ മൊബൈൽ ആപ്പ് വഴി പൊലീസ് ഉദ്യോഗസ്ഥർക്ക് ഓഫീസ് പ്രവർത്തനങ്ങൾ നിർവ്വഹിക്കുവാനും അപേക്ഷകളിൽ അന്വേഷണത്തിന് ജീവനക്കാരെ നിയോഗിക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് അവരുടെ പരിശോധനകൾ, അന്വേഷണവുമായി ബന്ധപ്പെട്ട ഫീൽഡ് ലെവൽ പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമായും വേഗത്തിലും നിർവ്വഹിക്കാനും കഴിയും. റിപ്പോർട്ടുകളും മറ്റും യഥാസമയം സ്വന്തം മൊബൈൽ വഴി തന്നെ നൽകാൻ കഴിയുന്നതിലൂടെ പ്രവർത്തിസമയം ലാഭിക്കുകയും കാര്യക്ഷമത മെച്ചപ്പെടുകയും ചെയ്യും.

പോലീസ് ഉദ്യോഗസ്ഥർ സൂക്ഷിക്കുന്ന നോട്ട് ബുക്കിന് പകരം ഡിജിറ്റൽ നോട്ട്ബുക്ക് സൗകര്യം ഈ ആപ്പിൽ ലഭ്യമാണ്. സ്റ്റേഷൻ ഓഫീസർക്ക് തൻറെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നോട്ട് ബുക്കുകൾ തൻറെ സ്വന്തം ലോഗിൻ വഴി പരിശോധിക്കാനും വിവരങ്ങൾ രേഖപ്പെടുത്താനും കഴിയും. ഉദ്യോഗസ്ഥരെ ബീറ്റ്, പട്രോൾ ഡ്യൂട്ടികൾക്ക് നിയോഗിക്കാനും പട്രോൾ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ബീറ്റ് ബുക്കിൽ വിവരങ്ങൾ രേഖപ്പെടുത്താനും സാധ്യമാകും.

മൊബൈൽ ആപ്ലിക്കേഷൻറെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, സി.സി.റ്റി.എൻ.എസ് നോഡൽ ഓഫീസർ കൂടിയായ ഐ.ജി പി. പ്രകാശ് എന്നിവർ സംബന്ധിച്ചു.

#keralapolice

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close