KERALAlocaltop news

കോഴിക്കോട് നഗരത്തിലെ ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്– നഗരത്തിലെ ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. സെപ്റ്റംബർ 30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

പ്രവേശനം നിരോധിച്ചിരിക്കുന്ന വഴിയിലൂടെ മോട്ടോർ വാഹനങ്ങൾ സഞ്ചരിക്കുന്നത് നഗരത്തിൽ പതിവാണ്. ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള ക്യാമറകൾ പ്രവർത്തിക്കാത്തത് നിയമ ലംഘനങ്ങൾക്ക് സഹായകരമാകുന്നുണ്ട്. വാഹനങ്ങളിലുള്ള അമിത പ്രകാശമുള്ള ലൈറ്റുകളും അമിതവേഗതയും നഗരത്തിൽ പതിവാണ്.

രാത്രി എട്ടുകഴിഞ്ഞാൽ ഗതാഗത നിയമന ലംഘനങ്ങൾ തടയാൻ നഗരത്തിൽ പോലീസുകാരെ നിയോഗിക്കാറില്ല. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്ക് വാഹനം ഓടിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ ഡ്രൈവർമാരും ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നതിൽ പിന്നിലല്ല. കണ്ണൂർ- കോഴിക്കോട്, വയനാട് –കോഴിക്കോട് റോഡുകളിലും വൺവേ നിയമ ലംഘനങ്ങൾ പതിവാണ്.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close