കോഴിക്കോട് : സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ആമ്പുലൻസിൻെറ വാതിൽ തുറക്കാൻ കഴിയാത്തതിനാൽ യഥാസമയം ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ആശുപത്രി സൂപ്രണ്ടിൻ്റെ ഉടമസ്ഥതതയിലുള്ള ആമ്പുലൻസുകളുടെ ചുമതലയും പരിപാലനവും സംബന്ധിച്ച് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി സൂപ്രണ്ട് വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.
ജില്ലയിലുള്ള ആമ്പുലൻസുകളുടെ സുരക്ഷ പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ വിശദീകരണം സമർപ്പിക്കണം. രണ്ടു റിപ്പോർട്ടുകളും സെപ്റ്റംബർ 30 ന് മുമ്പ് ക്യത്യമായി ലഭിച്ചിരിക്കണം. സെപ്റ്റംബർ 30 ന് കോഴിക്കോട് കളകടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
സിറ്റിംഗ് ഇന്ന്
മനുഷ്യാവകാശ കമ്മീഷൻ നാളെ( 31/08/22) രാവിലെ പത്തരക്ക് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും.