കോഴിക്കോട് : കല്യാണം മുടക്കികളെ കായികമായും കർശനമായും നേരിടുമെന്ന മുന്നറിയിപ്പുമായി പൊതുനിരത്തിൽ പോസ്റ്റർ സ്ഥാപിച്ച് പ്രദേശവാസികൾ . കോഴിക്കോട് നഗരത്തിലെ ഗോവിന്ദപുരം നിവാസികളാണ് മുന്നറിയിപ്പുമായി മുന്നിട്ടിറങ്ങിയത്. പ്രദേശത്തെ വിവാഹങ്ങൾ പല കാരണങ്ങൾ പ്രചരിപ്പിച്ച് നിരന്തരം മുടക്കുന്നതിൽ രോക്ഷം കൊണ്ടാണ് നാട്ടുകാർ സംഘടിച്ചത് . പോസ്റ്ററിലെ മുന്നറിയിപ്പ് ഇങ്ങനെ :- ” കല്യാണം മുടക്കികളായ ” നാറി ” കളുടെ ശ്രദ്ധയ്ക്ക് . നാട്ടിലെ ആൺകുട്ടികളെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കും. അത് ഏത് സുഹൃത്തിന്റെ അഛനായാലും …… തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട …… നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓർക്കുക. ഗോവിന്ദപുരം ചുണക്കുട്ടികൾ ” . പ്രശ്നം കലാപത്തിന് വഴിയൊരുക്കുമെന്ന സാധ്യത മുന്നിൽ കണ്ട് വിവാഹം മുടക്കികളെക്കുറിച്ച് പോലീസ് ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.