കോഴിക്കോട് : ഈ വർഷാദ്യം ഒന്നര കോടിയോളം രൂപ മുടക്കി ബി എം – ബി സി ടാറിങ്ങ് നടത്തി മനോഹരമാക്കിയ സിവിൽ സ്റ്റേഷൻ – കോട്ടുളി റോഡിലെ ഒരു ഭാഗം തകർന്ന് വൻ കുഴി രൂപപ്പെട്ടതു മൂലം സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം . റോഡിലെ ബ്രദേഴ്സ് ക്ലബിന് മുന്നിലെ വാട്ടർ അതോററ്റി ലൈനിലുണ്ടായ ചോർച്ച ഒരാഴ്ച്ചയായിട്ടും അടയ്ക്കാതിരുന്നതുമൂലം വെള്ള പ്രവാഹത്തിൽ റോഡിനടിയിലെ മണ്ണ് കുത്തിയൊലിച്ചു പോയതാണ് റോഡ് തകരാൻ കാരണം, വാർഡ് കൗൺസിലർ എം.എൻ. പ്രവീണടക്കം നാട്ടുകാർ ചോർച്ചയുണ്ടായ ഉടൻ തന്നെ വാട്ടർ അതോറ്റി അധികൃതരെ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. തന്മൂലം ദിവസങ്ങളോളം വെള്ളം കുത്തിയൊലിച്ച് റോഡ് തകരുകയായിരുന്നു. ഒടുവിൽ വെള്ളിയാഴ്ച്ചയാണ് വാട്ടർ അതോററ്റിക്കാർ ചോർച്ച അടച്ചത്. എക്സിക്യൂട്ടീവ് എഞ്ചിനിയർ മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥരെ യഥാസമയം വിവരമറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാരും കൗൺസിലറും പരാതിപ്പെട്ടു. ഉടനടി ചോർച്ച അടച്ചിരുന്നെങ്കിൽ റോഡ് തകരുമായിരുന്നില്ല. സംഭവത്തിന്റെ ഗൗരവം നാട്ടുകാർ പ്രദേശവാസി കൂടിയായ പൊതുമരാമത്ത് മന്ത്രി പി.എ.. മുഹമ്മദ് റിയാസിനെ അറിയിച്ചിട്ടുണ്ട്. അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി, ജലസേചന മന്ത്രി റോഷി അഗസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതിന്റെ ഗൗരവം കണക്കിലെടുത്ത് വകുപ്പുമന്ത്രി വാട്ടർ അതോററ്റി എക്സിക്യൂട്ടീവ് എഞ്ചിനിയറോട് വിശദീകരണം തേടി. റോഡ് പൂർവ്വസ്ഥിതിയിലാക്കാനുള്ള ചെലവ് അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഈ വിവരവും മന്ത്രി മുഹമ്മദ് റിയാസ് ജലസേചന മന്ത്രിയെ അറിയിച്ചിട്ടുണ്ട്.