കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തിയിരുന്ന സമാന്തര ലോട്ടറിയുടെ പ്രധാന ആസ്ഥാനത്ത് നടന്ന റെയ്ഡിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ. പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് തളി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നടത്തിയ പരിശോധനയിൽ സമാന്തര ലോട്ടറി വിൽപന നടത്തുകയായിരുന്ന പന്നിയങ്കര സ്വദേശികളായ ഉമ്മർ കോയ (47), പ്രബിൻ(31), ചക്കുംകടവ് സ്വദേശി ഫൈസൽ(43) എന്നിവരെയാണ് കസബ സബ് ഇൻസ്പെക്ടർ എസ്. അഭിഷേക് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ ഒറ്റനമ്പർ ലോട്ടറി വിൽപന നടത്തിയ അന്നേ ദിവസത്തെ കളക്ഷനായ മൂന്ന് ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയും പോലീസ് കണ്ടെടുത്തു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തിയതിന്റെ കളക്ഷൻ ദിവസവും ആസ്ഥാനത്ത് എത്തിക്കാറാണ് പതിവ്. യുവാക്കളെ കേന്ദ്രീകരിച്ച് നടത്തുന്ന ഒറ്റനമ്പർ ലോട്ടറി വിൽപനയിലൂടെ നിരവധിയാളുകൾ കടക്കെണിയിലകപ്പെടുന്നുണ്ടെന്ന് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി എ.അക്ബർ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡിനോട് രഹസ്യ നിരീക്ഷണം നടത്താൻ നിർദേശം നൽകുകയായിരുന്നു. ഏഴുദിവസം വിവിധ വേഷങ്ങളിൽ ഇത്തരം മേഖലകളിലുള്ളവരുമായി സമ്പർക്കം പുലർത്തിയാണ് നഗരത്തിനു നടുവിൽ സമാന്തര ലോട്ടറി ഏജൻസിയുടെ ആസ്ഥാനം പ്രവർത്തിക്കുന്നതായി സംഘം കണ്ടെത്തിയത്. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനായി കെട്ടിടത്തിലെ എല്ലാ മുറികളും വാടകയ്ക്കെടുത്ത ശേഷമാണ് സമാന്തര ലോട്ടറി മാഫിയ അവിടെ ഓഫീസ് ആരംഭിച്ചത്. ലോക്ക് ഡൗൺ കാലത്ത് നേരിട്ട് ഒറ്റനമ്പർ ലോട്ടറി എഴുത്ത് നടക്കാതെ വന്നപ്പോഴാണ് ഓൺലൈനായി ലോട്ടറി വിൽപനയാരംഭിച്ചത്. ഓൺലൈനിൽ ദിവസവും ലക്ഷങ്ങളുടെ വിൽപന നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സമാന്തര ലോട്ടറി മാഫിയ ലോക്ക്ഡൗണിന് ശേഷവും അത് തുടരുകയായിരുന്നു. ഒരു ലോട്ടറി ക്ക് പത്ത് രൂപ മുതലാണ് ഈടാക്കുന്നത്.
നിരവധി യുവാക്കളെയാണ് ഇത്തരത്തിൽ ഒറ്റനമ്പർ ലോട്ടറി മാഫിയ ആകർഷിച്ചിരുന്നത്. പണം ഓൺലൈൻ ആയി അക്കൗണ്ടിൽ നിക്ഷേപിക്കുന്ന രീതി തുടരുന്നതു കൊണ്ട് പോലീസ് റെയ്ഡിൽ കാര്യമായൊന്നും കണ്ടെത്താൻ കഴിയില്ലെന്നതാണ് എഴുത്ത് ലോട്ടറിക്കാരുടെ ആത്മവിശ്വാസം. സമൂഹമാധ്യമ ഗ്രൂപ്പുകൾ വഴിയും ലോട്ടറി എഴുത്തും വിൽപനയും നടക്കുന്നതിനാൽ കേസെടുക്കാൻ ആവശ്യമായ തെളിവുകൾ പോലീസിന് ലഭ്യമാകില്ലെന്ന് യുവാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് സമാന്തര ലോട്ടറി മാഫിയ തങ്ങളുടെ വിൽപന വിപുലീകരിച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ സുജിത്ത്, കസബ സബ്ബ് ഇൻസ്പെക്ടർ ആൽബിൻ സണ്ണി, സീനിയർ സിപിഓമാരായ ഷറീനാബി രജീഷ് അന്നശ്ശേരി, രഞ്ജുഷ്, പി.എം. രതീഷ്, ഡ്രൈവർ സിപിഒ വിഷ്ണുപ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.