കോഴിക്കോട്: ബീവറേജസ് അവധിദിവസങ്ങളിൽ ലഹരിയുടെ പറുദീസ തീർക്കുന്ന സിന്തറ്റിക് മയക്കുമരുന്ന് മാഫിയ സംഘത്തിൽ പെട്ട യുവാവിനെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും ചേർന്ന് പിടികൂടി. ദാവൂദ് ഭായ് കപ്പാസി റോഡിൽവച്ചാണ് പുറക്കാട്ടിരി അമ്പിലാറത്ത് ഷെഹസാദിനെ ടൗൺ സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന 2.50ഗ്രാം മീഥൈൽ ഡയോക്സി മെത്താംഫിറ്റമിൻ പോലീസ് കണ്ടെടുത്തു. ഗ്രാമിന് മൂവായിരം രൂപ ഈടാക്കി യാണ് എംഡിഎംഎ വിൽപനയെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കാരണം പുറക്കാട്ടിരിയിൽ മയക്കുമരുന്ന് വിൽപ്പന സുഗമമായി നടത്താൻ കഴിയാത്ത സാഹചര്യമായതുകൊണ്ട് പുറക്കാട്ടിരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങൾ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ പിടിമുറുക്കി വരികയാണ്. കൂടുതൽ യുവാക്കളെ സിന്തറ്റിക് മയക്കുമരുന്നിലേക്ക് ആകർഷിക്കുന്നതിനുവേണ്ടിയാണ് അവധി ദിവസങ്ങളിൽ നഗരങ്ങളിൽ തമ്പടിച്ച് വിൽപന നടത്തുന്നത്. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചാൽ പോലീസിനും അധ്യാപകർക്കും പെട്ടെന്ന് അറിയാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചാണ് വിദ്യാർത്ഥികളെ കെണിയിൽ പെടുത്തുന്നത്. പുറക്കാട്ടിരിയിൽ ലഹരി മാഫിയ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജും സംഘവും നടത്തുന്ന അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. പോലീസ് പെൺകുട്ടിയെ ലഹരി മാഫിയയുടെ പിടിയിൽ നിന്നും പെട്ടെന്നുതന്നെ മോചിപ്പിച്ചിരുന്നു.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, സി.കെ.സുജിത്ത്, ടൗൺ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഓ കെ.ടി. ബിനിൽകുമാർ , സിപിഓ ടി.പി. ശിഹാബുദ്ദീൻ
എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.