ബാബു ചെറിയാൻ യാത്ര അഞ്ചാം ദിനം . 2022 ഒക്ടോബർ മൂന്ന് – . പുലർച്ചെ അഞ്ചിന് എഴുന്നേറ്റ് 6.45 ന് പുറപ്പെട്ടു കാൽവരിയിലേക്ക് . ദൈവപുത്രന്റെ അവസാന തുള്ളി രക്തം വീണ മണ്ണിലേക്കാണ് യാത്ര . ഏതാണ്ട് എല്ലായിടത്തും ആഹ്ളാദഭരിതരായി സഞ്ചരിച്ച സംഘത്തിൽ അതുകൊണ്ടു തന്നെ ഒരു തരം ശ്മശാന മൂകത കടന്നു കൂടി . അബ്രഹാമച്ചൻ ആശീർവാദ പ്രാർത്ഥന നടത്തി പതിവു പോലെ എല്ലാവരുടേയും മേൽ വിശുദ്ധ ജലം തളിക്കുന്നുണ്ടെങ്കിലും , ആരും ഉരിയാടുന്നില്ല , ഏവരുടേയും മിഴികളിൽ വിഷാദം. തലയോടിടം എന്ന കാൽവരിയിലെ ദേവാലയത്തിൽ എത്തിയപ്പോൾ കദനഭാരത്താൽ ഓരോരുത്തരുടേയും ഹൃദയമിടിപ്പ് കേൾക്കാനാവുന്നുണ്ട്. കുത്തനെയുള്ള 18 പടവുകൾ കയറി കാൽവരി കുന്നിൽ മുകളിൽ . യേശുവിനെ തറച്ച കുരിശ് നാട്ടിയ സ്ഥലത്തെ അതേ ദ്വാരം ശേഷിപ്പായുണ്ട്. ചുറ്റും ചെറിയ ഭിത്തികെട്ടി സംരക്ഷിച്ചിരിക്കയാണ്. ഈശോ കൊടും വേദന ഏറ്റുവാങ്ങി പ്രാണൻ വെടിഞ്ഞ സ്ഥലത്താണ് നിൽക്കുന്നത്. എല്ലാവരും മുട്ടിലിഴഞ്ഞ് നമസ്ക്കരിച്ച് കുരിശു ദ്വാരത്തിൽ ചുംബിക്കുന്നു. സ്ത്രീകളുടെ മനസിലെ വിങ്ങൽ, ഗദ്ഗദമായി, കരച്ചിലായി പുറത്തു വന്നു. മകൻ കുരിശിൽ വേദന കൊണ്ട് പിടഞ്ഞപ്പോൾ, ദുഃഖം ഉള്ളിലൊതുക്കി ധൈര്യപൂർവ്വം പരിശുദ്ധ മാതാവ് നിന്നിരുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിനടുത്തായാണ് ഈശോയെ കിടത്തി തൈലാഭിഷേകം നടത്തിയ പീഠം. കുരിശു നാട്ടിയിരുന്ന സ്ഥലത്തിനരികിയായി താഴേയ്ക്ക് വിണ്ടുകീറിയ പാറ കാണാം. ഇതും ചില്ലിട്ട് സൂക്ഷിച്ചിരിക്കുന്നു. ” ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർവരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു. ഏലി , ഏലി ല്മാ സബക്ഥാനി, അതായത് എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു ?” (മത്തായി 27:45 – 46) ഈശോ ഉച്ചത്തിൽ നിലവിളിച്ച അതേ സ്ഥലത്താണല്ലോ ഞങ്ങൾ നിൽക്കുന്നത് എന്നോർത്തപ്പോൾ ഒരു വേള മനസ് പിടഞ്ഞു. ” അപ്പോൾ ദേവാലയത്തിലെ തിരശീല മുകൾ മുതൽ താഴെ വരെ രണ്ടായി കീറി , ഭൂമി കുലുങ്ങി , പാറകൾ പിളർന്നു , ശവകുടീരങ്ങൾ തുറക്കപ്പെട്ടു – ( മത്തായി 27: 51 ) വിശുദ്ധ ബൈബിളിൽ സാക്ഷ്യപ്പെടുത്തിയ അതേ പാറയാണ് ഞങ്ങൾ കണ്ടു വണങ്ങിക്കൊണ്ടിരിക്കുന്നത്. ഈ പാറയെക്കുറിച്ച് അബ്രഹാമച്ചൻ നേരത്തെ പറഞ്ഞ വിവരം ഓർമ്മ വന്നു. അത് ഇങ്ങനെയാണ് – പാറ പിളർന്ന വിടവിലൂടെ യേശുവിന്റെ തിരുരക്തം കാൽവരിക്കുന്നിലൂടെ താഴേക്ക് കിനിഞ്ഞിറങ്ങുകയും ആ ചുടുനിണം ആദിമ പുരുഷനായ ആദമിന്റെ അസ്ഥിയിൽ ചേരുകയും ചെയ്തതോടെ യേശുവിന്റെ വംശാവലിയിലെ 42 തലമുറകളിൽ പെട്ടവരും സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ടു. അന്ന് മാലാഖ വ്യൂഹം പാടിയ പാട്ടാണ് ഇന്ന് വിശുദ്ധ കുർബാനയിൽ നാം ഒരുമിച്ചാലപിക്കുന്ന – സർവ്വാധിപനാം കർത്താവേ, നിന്നെ വണങ്ങി നമിയ്ക്കുന്നു , ഈശോ നാഥാ വിനയമോടെ നിന്നെ നമിച്ചു പുകഴ്ത്തുന്നു …….” എന്ന ഗാനം . മാലിന്യ ശേഖരം നിറഞ്ഞ കാൽവരി അഥവാ തലയോടിടം എന്ന കുന്ന് ദൈവം തെരഞ്ഞെടുക്കാൻ കാരണം ഇതാനെന്നും അച്ചൻ വിശദീകരിച്ചു തന്നിരുന്നു. ഈശോ മരണം വരിച്ച കുരിശിന് ചാരെയായിരുന്നു അച്ചൻ വി.കുർബാന അർപ്പിച്ചത്. ഇവിടെ മുഴുവൻ സമയവും മുട്ടുകുത്തി ദിവ്യബലിയിൽ പങ്കെടുത്തു. തുടർന്ന് 18 പടവുകൾ ഇറങ്ങി താഴെ ഈശോയുടെ കല്ലറയിലേക്ക് . യേശുവിന് ശിഷ്യപ്പെട്ടിരുന്ന അരിമത്തെയക്കാരൻ ജോസഫ് എന്ന ധനികൻ പാറയിൽ വെട്ടിയുണ്ടാക്കിയ ഈ പുതിയ കല്ലറയിലാണ് യേശുവിനെ സംസ്ക്കരിച്ചത്. നിലവിൽ ഗ്രീക്ക് ഓർത്തഡോക്സ് വൈദികരുടെ ചുമതലയിലാണ് ഈ കല്ലറ . ഒരു സമയം ഏഴു പേർക്ക് മാത്രം പ്രവേശനം. ക്യൂ നിന്ന് ഓരോരുത്തരായി കല്ലറയിൽ കടന്ന് മുട്ടുകുത്തി പ്രാർത്ഥിച്ചു. സമീപത്തെ മറ്റ് അൾത്താരകളിൽ വിവിധ ഭാഷകളിലുള്ള വിശുദ്ധ കുർബാനയർപ്പണം നടക്കുന്നു. പാപങ്ങളുടെ , പാപ വിചാരങ്ങളുടെ കെട്ടുകൾ ഉപേക്ഷിച്ച് കല്ലറയിൽ നിന്ന് പുറത്തുകടക്കുന്നവരുടെ കണ്ണുകളിൽ പ്രത്യേക തിളക്കം ഹെലന രാജ്ഞി ഈശോയുടെ കുരിശ് കണ്ടെടുത്ത സ്ഥലം രേഖപ്പെടുത്തിയിട്ടുണ്ട്. ഖനനം നടത്തി മൂന്നു കുരിശുകൾ കണ്ടെടുത്തിരുന്നു , ഈശോയുടയും – രണ്ട് കള്ളന്മാരുടേയും ആണത് . ഇതിൽ ഈശോയുടെ കുരിശ് തിരിച്ചറിഞ്ഞ സംഭവം അച്ചൻ വിശദീകരിച്ചു. ഒരു കുഷ്ഠരോഗിയെ ക്കൊണ്ട് കുരിശുകളിൽ ചുംബിപ്പിച്ചു. ഒരു കുരിശിൽ ചുംബിച്ചപ്പോൾ രോഗം പൂർണമായും വിട്ടു മാറി. ഇത് ഈശോയുടെ കുരിശായി വിശ്വസിക്കുന്നു. കാൽവരി സന്ദർശനത്തിന് ശേഷം ബസിൽ മാതാവ് ജനിച്ച സ്ഥലത്തെ സെന്റ്. ആൻ ദേവാലയത്തിലേക്ക് . മാതാവിന്റെ അമ്മ വി. അന്നയുടെ പേരിലാണ് ഈ ദേവാലയം. അവിടുത്തെ ഗ്രോട്ടോയ്ക്ക് മുന്നിൽ നിത്യ വിശുദ്ധയാം കന്യാമറിയമേ നിൻ നാമം വാഴ്ത്തപ്പെടട്ടെ ….. എന്ന പ്രസിദ്ധമായ ഗാനം അച്ചന്റെ നേതൃത്വത്തിൽ ആലപിച്ചു. മാതാവിന്റെ അമ്മയായ വി. അന്നയുടെ തിരുസ്വരൂപത്തിന് മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു. സെന്റ് ആൻസ് ദേവാലയത്തിൽ നിന്ന് നേരെ ബെദ്സെയ്ദ കുളത്തിനരികിലേക്ക് . കൽക്കെട്ടുകൾ നിറഞ്ഞ ഒരു കുഴിയാണിപ്പോൾ ബെദ് സെയ്ദ. കുളമെന്ന് പറയാൻ വെള്ളം തുള്ളി പോലുമില്ല. മുൻപ് വെള്ളം ഉണ്ടായിരുന്നു. തളർവാത രോഗിയെ ഈശോ സൗഖ്യപ്പെടുത്തിയത് ഇവിടെ വച്ചാണ് . ഇവിടെ നിന്ന് കുരിശിന്റെ വഴി ആരംഭിച്ചു. ഇരുവശങ്ങളിലും കടകൾ നിറഞ്ഞ ഇടുങ്ങിയ വഴിയാണത്. വിലാപമതിൽ കാണാനാണ് അടുത്ത യാത്ര . തകർക്കപ്പെട്ട ജറുസലേം ദേവാലയം മതിലിന് അക്കരെയാണ് . AD 70 ൽ ടൈറ്റസ് ചക്രവർത്തി നശിപ്പിച്ച് അഗ്നിക്കിരയാക്കിയ ദേവാലയമാണിത്. കല്ലിൻമേൽ കല്ലില്ലാത്ത വിധം ഇത് നശിച്ചു പോകുമെന്ന് യേശു പ്രവചിച്ചിരുന്നു. ദേവാലയം പുനർ നിർമ്മിച്ച് കിട്ടാൻ മതിലിൽ തലയടിച്ച് പ്രാർത്ഥിക്കുന്ന യഹുദന്മാർ . പിണറായി വിജയൻ പറഞ്ഞ പോലെ ” ഒരു പ്രത്യേക ആക്ഷനിൽ ” ശരീരമാകെ ആടിക്കൊണ്ടാണ് സ്ത്രീകളും പുരുഷന്മാരും പ്രത്യേക ഇടങ്ങളിൽ നിന്ന് മതിലിൽ തലയടിക്കുന്നത്. ബൈബിൾ വചനം സത്യമാണെന്നതിന് മറ്റൊരു തെളിവാണ് പുനരുദ്ധരിക്കാനാവാതെ തകർന്നു പോയ ജറുസലേം ദേവാലയം. ബത് ലഹേം ദേവാലയത്തിൽ എത്തും മുൻപ് മിൽക്ക് ഗ്രോട്ടോ സന്ദർശിച്ചു . ഇവിടെ വിൽക്കുന്ന പൊടി കഴിച്ചാൽ കുട്ടികളുണ്ടാകും എന്ന അന്ധവിശ്വാസവും ചിലർക്കുണ്ട്. മാതാവ് ഈശോയ്ക്ക് മുലപ്പാൽ നൽകിയ സ്ഥലമെന്ന സത്യമെ ഈ സ്ഥലത്തിനുള്ളുവത്രെ. തുടർന്ന് ഈശോ ജനിച്ച ബത്ലഹേമിലേക്ക് . ഈശോ പിറന്നുവീണ കാലിത്തൊഴുത്ത് ഇപ്പോൾ മനോഹരമായ ദേവാലയമാണ് – ചർച്ച് ഓഫ് നേറ്റിവിറ്റി . ഇവിടെയാണ് ഈശോ ജനിച്ചത്. അടയാളമായി ഒരു നക്ഷത്രം അവിടെ വച്ചിട്ടുണ്ട്. ഇതിനടുത്താണ് ഉണ്ണിഈശോയെ കിടത്തിയ കുഞ്ഞിപൈതങ്ങളുടെ അൾത്താര . ഇവിടെ സെന്റ് കാതറിൻ ദേവാലയത്തിൽ ഓരോ കുടുംബത്തിലെയും കുഞ്ഞുമക്കളെയും , വരും തലമുറയിൽ ജനിക്കാനിരിക്കുന്ന മക്കളെയും പ്രത്യേകമായി സമർപ്പിച്ച് പ്രാർത്ഥന. യൗസേപ് പിതാവിന് സ്വപ്നത്തിൽ ദർശനം ഉണ്ടായ സ്ഥലമാണ് അടുത്തത്. ഇതിനടുത്തായി , വിശുദ്ധ ബൈബിൾ പരിഭാഷപ്പെടുത്തിയ വി. ജെറോമിന്റ കല്ലറ . തുർക്കികൾ തകർക്കാതെ അവശേഷിപ്പിച്ച ബത് ലഹേമിലെ ഏക കൃസ്ത്യൻ ദേവാലയമാണ് ഈശോ ജനിച്ച സ്ഥലത്തെ ചർച്ച് ഓഫ് നേറ്റിവിറ്റി . തുർക്കി പടയാളികൾ സർവ്വ ദേവാലയങ്ങളും നശിപ്പിച്ച് ഇവിടേക്ക് വന്നപ്പോൾ പള്ളിക്കുള്ളിലെ ഭിത്തിയിൽ മൂന്നു രാജാക്കന്മാരുടെ ചിത്രങ്ങൾ കണ്ടു. വേഷം കണ്ട് അവർ മുസ്ലിം രാജാക്കന്മാരാണെന്ന് തെറ്റിദ്ധരിച്ച പടയാളികൾ ദേവാലയം അഗ്നിക്കിരയാക്കാതെ മടങ്ങിപോവുകയായിരുന്നു. ഉണ്ണിയീശോ ജനിച്ചതറിഞ്ഞ് കാഴ്ച്ചവസ്തുക്കളുമായി പുൽക്കുടിലിൽ എത്തിയ രാജാക്കന്മാരുടെ ചിത്രമായിരുന്നു അത്. തീയിട്ട് നശിപ്പിച്ചില്ലങ്കിലും, പടയാളികൾ ദേവാലയത്തിലെ പ്രധാന കവാടത്തിന്റെ വാതിലിന്റെ ഉയരം പകുതിയായി കുറച്ചു . കല്ലു കൊണ്ടാണ് കവാടം പകുതി അടച്ചത്. ഇനി ഏതെങ്കിലും പടയാളികൾ അനായേസന കുതിരപുറത്തേറി ദേവാലയത്തിൽ പ്രവേശിക്കരുത് എന്ന ഉദ്ദേശത്തോടെയാണത്രെ വാതിലിന്റെ ഉയരം കുറച്ചത്. നിലവിൽ തലതാഴ്ത്തി കുനിഞ്ഞ് വേണം ദേവാലയത്തിൽ പ്രവേശിക്കാൻ . യാത്ര അവസാനിപ്പിച്ച് വിണ്ടും ബത്ലഹേമിലെ ഹോട്ടലിൽ . അത്താഴം , ഉറക്കം. നാളെ ഒലിവുമലയിലെ ഗദ്സമനിയിലേക്ക് – തുടരും ….