ബാബു ചെറിയാൻ യാത്ര ഏഴാം ദിനം – 2022 ഒക്ടോബർ ഏഴ് പതിവുപോലെ ബത്ലഹേമിലെ ഹോട്ടലിൽ നിന്ന് പ്രഭാതത്തിലേ യാത്ര പുറപ്പെട്ടു. കുരിശുമരണത്തിന് മുൻപ് ഈശോ താമസിച്ച ബഥാനിയയിലേക്കാണ് ഇന്നത്തെ യാത്ര . മാർത്തയുടെയും , മറിയത്തിന്റെയും , ലാസറിന്റെയും ഭവനം. ആശീർവാദ പ്രാർത്ഥനയും വിശുദ്ധ ജല അഭിഷേകവും പൂർത്തിയാക്കി അബ്രഹാമച്ചൻ സങ്കീർത്തനം 25 ലെ 6, 7 വചനങ്ങൾ വിശദീകരിച്ചു. ” കർത്താവേ പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കേണമേ !, എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓർക്കരുതേ !, കർത്താവേ അങ്ങയുടെ അചഞ്ചല സ്നേഹത്തിന് അനുസൃതമായി കരുണാപൂർവം എന്നെ അനുസ്മരിക്കേണമേ ! … ” സ്വർഗം തുറന്ന് ഭൂമിയിലേക്ക് ആദ്യം വന്ന വചനം – ” നന്മ നിറഞ്ഞ മറിയമേ …….” എന്ന സ്തുതിപ്പിനെക്കുറിച്ച് അച്ചൻ വാചാലനായി . / ഈശോ പല തവണ സന്ദർശിച്ച് അനുഗ്രഹം നേടിയ ഭവനമാണ് ലാസറിന്റേത്. അവിടെ ദേവാലയമാണ്. അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പണത്തിന് ശേഷം എല്ലാവരുടേയും ശിരസിൽ മൂറോൻതൈല അഭിഷേക പ്രാർത്ഥന. അബ്രഹാമച്ചനൊപ്പം ബ്രദർ സാബു ജോസും ശുശ്രൂഷയിൽ പങ്കു വഹിച്ചു. മരിച്ച് നാലാം ദിവസം ലാസറിനെ ഉയിർപ്പിച്ച കല്ലറ നേരിൽ കണ്ട് വണങ്ങി. കല്ലറയുടെ വാതിൽക്കൽ നിന്ന് ” നീ പുറത്തു വാ ” എന്ന് ആജ്ഞാപ സ്വരത്തിലാണ് ഈശോ വിളിച്ചത്. ലാസറിന്റെ കല്ലറ കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകർ എത്തിക്കൊണ്ടിരിക്കുന്നു. ഇനി യാത്ര ജെറീക്കോ പട്ടണത്തിലേക്കാണ്. അങ്ങോട്ടു പോകും വഴി ദൂരെ ചാവുകടൽ കണ്ടു. നിഷിദ്ധമായ ചാവുകടലിൽ പോകില്ലെന്ന് അച്ചൻ നേരത്തെ അറിയിച്ചിരുന്നു. ശപിക്കപ്പെട്ട സ്ഥലമായതിനാലാണ് ഇത്. . . എന്തുകൊണ്ട് ചാവുകടൽ സന്ദർശിക്കുന്നില്ല. വിശുദ്ധനാട് യാത്രയിൽ ഏതാണ്ടെല്ലാ ഗ്രൂപ്പുകളും ചാവുകടൽ സന്ദർശിക്കുമ്പോൾ ഈ ഗ്രൂപ്പ് എന്തിനത് ഒഴിവാക്കന്നു എന്നു നോക്കാം. ചാവുകടൽ നിൽക്കുന്ന സ്ഥലം ദൈവം ക്രോധത്തിന്റ അഗ്നിയിറക്കി നശിപ്പിച്ച പട്ടണമാണെന്ന് ബൈബിൾ കൃത്യമായി പറയുന്നു. സോദോം- ഗോമോറ ഉൾപ്പെടുന്ന അഞ്ച് പട്ടണങ്ങൾ ചേർന്നതാണ് ഈ പ്രദേശം.” അധർമ്മികൾ നശിച്ചപ്പോൾ ദൈവം ഒരു നീതിമാനെ രക്ഷിച്ചു. പഞ്ച നഗരത്തിൽ പതിച്ച അഗ്നിയിൽ നിന്ന് അവൻ രക്ഷപെട്ടു. അവരുടെ ദുഷ്ടതയുടെ തെളിവ് ഇന്നും കാണാം.സദാ പുക ഉയരുന്ന ശൂന്യ പ്രദേശം, കനിയാകാത്ത കായ്കൾ വഹിക്കുന്ന വൃക്ഷങ്ങൾ, അവിശ്വാസിയുടെ സ്മാരകമായ ഉപ്പു തൂൺ. ജ്ഞാനത്തെ നിരസിച്ചതിനാൽ, നന്മയെ അവർ തിരിച്ചറിഞ്ഞില്ല. മനുഷ്യ വർഗത്തിനു വേണ്ടി മൗഢ്യത്തിന്റെ സ്മാരകം അവശേഷിപ്പിക്കുകയും ചെയ്തു. അവരുടെ പരാജയങ്ങൾ ശ്രദ്ധിക്കപ്പെടാതിരിക്കയില്ല ( ജ്ഞാനം -10 : 6, 7, 8). പ്രകൃതി വിരുദ്ധ പാപങ്ങളടക്കം എല്ലാത്തരം മ്ലേഛതകളും അവിടെ നടമാടി . ജനം പാപത്തിൽ വീണ് കഠിന ഹൃദയരായി. ഉൽപത്തി പുസ്തകം 19-ാം അധ്യായം നാലാമത്തെ വചനത്തിൽ സോദോമിന്റെ പാപത്തിന്റെ ഗൗരവത്തെക്കുറിച്ച് പറയുന്നുണ്ട്. ” അവർ കിടക്കും മുൻപേ സോദോം നഗരത്തിന്റെ എല്ലാ ഭാഗത്തു നിന്നും യുവാക്കൾ മുതൽ വൃദ്ധന്മാർ വരെയുള്ള എല്ലാവരും വന്ന് വീടുവളഞ്ഞു. അവർ ലോത്തിനെ വിളിച്ചു പറഞ്ഞു. രാത്രി നിന്റെയടുക്കൽ വന്നവരെവിടെ.? ഞങ്ങൾക്ക് അവരുമായി സുഖ ഭോഗങ്ങളിലേർപ്പെടേണ്ടതിന് അവരെ പുറത്തു കൊണ്ടുവരിക”. അത്രമേൽ ജനം സ്വവർഗഭോഗമെന്ന തിന്മയാൽ നിറഞ്ഞു . മനുഷ്യൻ തിന്മകൊണ്ട് നിറഞ്ഞാൽ നശിപ്പിക്കപ്പെടണ്ട ഒരു വസ്തുവായി മാറും. മനുഷ്യനെയല്ല, വസ്തുവിനെയായിരിക്കും ദൈവം നശിപ്പിക്കുക. ജ്ഞാനത്തിന്റ പുസ്തകം 10ാം അധ്യായം എട്ടാമത്തെ വചനത്തിൽ ഇങ്ങനെ പറയുന്നു – ” മനുഷ്യ വർഗത്തിനുവേണ്ടി മൗഢ്യത്തിന്റെ സ്മാരകം അവശേഷിപ്പിക്കുകയും ചെയ്തു “. അങ്ങനെ ചാവുകടൽ പ്രദേശം മൗഢ്യത്തിന്റെ സ്മാരകമായി നിലനിൽക്കുന്നു. ചാവുകടലിൽ കുളിച്ചാൽ ത്വക്ക് രോഗം മാറുമെന്നു തുടങ്ങി പല മൗഢ്യമായ അന്ധവിശ്വാസങ്ങളും ചിലർ പ്രചരിപ്പിക്കുന്നു. അതുകൊണ്ടാണ് ദൈവത്തിന്റെ ബന്ധനമുള്ള ശപിക്കപ്പെട്ട ഈ പ്രദേശം ഇതുവരെ അബ്രഹാമച്ചൻ നേതൃത്വം നൽകുന്ന ഗ്രൂപ്പ് സന്ദർശിക്കാതിരിക്കുന്നത്. ജെറീക്കോയിലെ പ്രലോഭന മല ( Temptation Mount ) വെയിലിൽ ചുട്ടുപൊള്ളി സ്വർണനിറമായിരിക്കുന്നു. യേശുവിനെ സാത്താൻ പരിക്ഷിച്ചത് ഈ മലയിൽ വച്ചാണ് . അവിടുത്തെ കടയിൽ നിന്ന് നല്ല ഈത്തപ്പഴവും സിക്കമൂർ നട്സും വാങ്ങാമെന്ന് ഗൈഡ് അറിയിച്ചിരുന്നു. ആരേയും പ്രലോഭിപ്പിക്കുന്ന Temptation – എന്നാണ് കടയുടെയും പേര് . ബസ് നിർത്തിയതേ വിൽപ്പനക്കാരനായ യുവാവ് പറന്നെത്തി. ഓരോ മുന്തിയതരം ഈത്തപ്പഴവും, സിക്കമൂർ കായയും സൗജന്യമായി വിതരണം ചെയ്തു. പ്രലോഭനമലയ്ക്ക് മുന്നിൽ നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കവേ ഈ യുവാവ് ” | your family ” എന്നുറക്കെ പറഞ്ഞ് അരികിൽ നിന്നു . ബിസിനസിന്റെ ജെറീക്കൻ ട്രിക്കുകൾ . കടയുടെ ഉള്ളിൽ കടന്നപ്പോൾ ഞങ്ങളോട് ചോദ്യങ്ങളായി. ഒരു പായ്ക്കറ്റ് ഈത്തപ്പഴമെടുത്ത് , ഇത് ഫ്രിഡ്ജിൽ വയ്ക്കാതെ എത്ര കാലം സൂക്ഷിക്കാമെന്നായിരുന്നു ആദ്യ ചോദ്യം. പലരും പല ഉത്തരം പറഞ്ഞു. രണ്ട് വർഷമെന്ന് ശരിയായ ഉത്തരം പറഞ്ഞ ജോർജ് മാത്യു എന്ന ഷാജിക്ക് ആ പായ്ക്കറ്റ് സമ്മാനമായി നൽകി. ഷാജിയും ഭാര്യയും അമേരിക്കയിലെ ടെക്സസിൽ നിന്ന് വന്നവരാണ്. 20 ഡോളറാണ് ആ ഒരു കിലോ പായ്ക്കറ്റിന്റെ വിൽപ്പന വില. മിക്കവരും അവിടെ നിന്ന് സാധനങ്ങൾ വാങ്ങിക്കൂട്ടി. അങ്ങനെ ഷാജിക്ക് സമ്മാനമായി നൽകിയ ഒരു പായ്ക്കറ്റിന്റെയും , സംഘാംഗങ്ങൾക്ക് വിതരണം ചെയ്ത ഈത്തപ്പഴം – സിക്കമൂർ കായയുടെയും വിലയടക്കം അവരുടെ പെട്ടിയിൽ വീണു. ബിസിനസ് ട്രിക്ക് തിരിച്ചറിഞ്ഞ സണ്ണി ജോർജിനെ പോലെ ചുരുക്കം ചിലർ പയ്യന്റെ വാചകമടിയിൽ വീണില്ല . കേരളത്തിലെ വസ്ത്ര വ്യാപാര ശൃംഖലയായ സൂര്യ സിൽക്ക്സിന്റെ പാർട്ണർ സണ്ണിയെ വേണോ ബിസിനസ് ട്രിക്ക് പഠിപ്പിക്കാൻ . പ്രലോഭന മലയിലേക്ക് റോപ് വേ നടത്തുന്നുണ്ട്. ജെറീക്കോയിലെ അത്ഭുത ഉറവയിലേക്ക് തുടർന്ന് അച്ചൻ ഞങ്ങളെ നയിച്ചു . ഈശോ ജനിക്കുന്നതിനും 600 വർഷം മുൻപ് ,ഏലിയ പ്രവാചകന്റെ ശിഷ്യനായ ഏലീശ പ്രവാചകൻ ശുദ്ധീകരിച്ചതാണ് ഈ അത്ഭുത ഉറവ. പണ്ടത് മലിനജല സ്രോതായിരുന്നു. കുടിവെള്ളം ഇല്ലാതെ ജനം വലയുകയും ഏലീശാ പ്രവാചകനെ അഭയം പ്രാപിക്കുകയും ചെയ്തു. ഒരു പുതിയ പാത്രത്തിൽ കുറച്ച് ഉപ്പ് കൊണ്ടുവരുവാൻ പ്രവാചകൻ ആവശ്യപ്പെടുകയും ജനം അനുസരിക്കുകയും ചെയ്തു. ആ ഉപ്പ് മലിന ജലത്തിൽ വിതറിയ ശേഷം ദൈവത്തോട് പ്രാർത്ഥിച്ചു. ഉടനടി ആ മലിന ജല സ്രോതസ് ശുദ്ധ ജല സ്രോതസായി മാറി എന്നാണ് വിശ്വാസം. അന്നുമുതൽ ജെറിക്കോ പട്ടണത്തിലെ കൃഷിക്കും, വീട്ടാവശ്യങ്ങൾക്കും എല്ലാം ഈ ഉറവയിൽ നിന്നുള്ള ഗ്യാലൻ കണക്കിന് വെള്ളമാണ് ഉപയോഗിക്കുന്നത്. നിലയ്ക്കാത്ത ഈ ജലപ്രവാഹത്തിൽ നിന്ന് വെള്ളം കൂറ്റൻ പെപ്പിലൂടെ കടത്തിവിടുന്നു. ചെറു കുപ്പികളിൽ ഞങ്ങളെല്ലാവരും ഉറവയിലെ വെള്ളം ശേഖരിച്ചു. നാം ഓരോരുത്തരും ഇങ്ങനെ പുതിയ ഉപ്പായി മാറിയാൽ നമ്മുടെ കുടുംബത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന മലിനജലവും ശുദ്ധമായി തീരുമെന്ന് അച്ചൻ വ്യാഖാനിച്ചു. അതിന് നാം ഓരോരുത്തരും പുതിയ ഉപ്പായി മാറണം. തുടർന്ന് ബൈബിളിൽ പറയുന്ന തരം സിക്കമൂർ മരം കണ്ടു. ഈശോയെ നേരിൽ കാണാനായി ഉയരക്കുറവുള്ള സക്കേവൂസ് ഒരു സിക്കമൂർ മരത്തിൽ കയറിയതായും , ഇതു കണ്ട ഈശോ സക്കേവൂസിനെ പേരു ചൊല്ലി വിളിച്ചിറക്കി അനുഗ്രഹിച്ചതായും ബൈബിളിലുണ്ട്. അതേ ജനുസിൽപ്പെട്ട താണ് ഞങ്ങൾ കണ്ട സിക്കമൂർ മരം . ബത്ലഹേമിലെ ആട്ടിടയന്മാരുടെ ഗുഹയാണ് ഞങ്ങൾ കണ്ട അടുത്ത കാഴ്ച്ച . ഉണ്ണിയീശോയുടെ ദിവ്യ ജനനം പുറം ലോകത്തെ അറിയിച്ച ആട്ടിടയന്മാർ താമസിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്ന അതേ ഗുഹയടക്കം രണ്ട് ഗുഹകൾ സന്ദർശിച്ചു. ഉള്ളിൽ വിശാലമായ സ്ഥലമുണ്ട്. വൃത്താകൃതിയിലുള്ള കവാടത്തിലൂടെ ഉള്ളിൽ കടന്നാൽ ഗുഹ രണ്ട് വഴിക്ക് പിരിയും. താഴെ നൂറുകണക്കിന് ആടുകൾക്ക് പാർക്കാവുന്നത്ര സ്ഥല സൗകര്യം. എല്ലാ ആടുകളും ഉള്ളിലായെന്ന് ഉറപ്പായ ശേഷം ഇടയൻ കവാടത്തിൽ കാവൽ കിടക്കും. സഭയുടെ ഇടയനായ ഈശോയെ വിശ്വാസികളുടെ നല്ല ഇടയനായാണല്ലോ നമ്മൾ വിശ്വസിക്കുന്നത്. റപ്പായേൽ, മിഖായേൽ , ഗബ്രിയേൽ മാലാഖമാരുടെ പേരിലുള്ള ദേവാലയം ഇവിടെയാണ്. ആ ദേവാലയത്തിലും കയറി പ്രാർത്ഥന നടത്തി. തലമുറകൾക്കായുള്ള പ്രത്യേക പ്രാർത്ഥന അച്ചൻ ആദ്യ ദിനത്തിൽ തന്നെ വിതരണം ചെയ്തിരുന്നു. അച്ചന്റെ നിർദ്ദേശപ്രകാരം, ഞങ്ങൾ പ്രാർത്ഥിച്ച എല്ലാ ദേവാലയങ്ങളിലും ഈ അത്ഭുത പ്രാർത്ഥന ചൊല്ലി തലമുറകൾക്കായി കാഴ്ച്ച വെച്ചു. ഇന്നത്തെ യാത്ര അവസാനിപ്പിച്ച് വീണ്ടും ബത്ലഹേമിലെ ഹോട്ടലിലേക്ക് . നാളത്തെ യാത്ര സ്നാപക യോഹന്നാന്റെ ജന്മഗൃഹമായ എൻകരീമിലേക്കാണ്. തുടരും …….
Related Articles
December 9, 2021
154
ജാതിക്കും മതത്തിനും അതീതമായി മനുഷ്യജാതിയെ ചേര്ത്ത് നിര്ത്തി; ഇത് ഉറച്ച ശക്തിയായ കര്ഷകരുടെ വിജയം
December 17, 2021
301
കക്കാട് ജി.എൽ.പി സ്കൂളിന്റെ വികസനത്തിനാവശ്യമായ ഭൂമി സർക്കാർ ഏറ്റെടുക്കണം
December 22, 2021
245