KERALAlocaltop news

ശുചിത്വത്തിന് രണ്ടാം സ്ഥാനം വാങ്ങുന്ന കോഴിക്കോട് നഗരസഭയുടെ നടപടി അപലപനീയം : മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട്– ശുചിത്വത്തിന് രണ്ടാസ്ഥാനം വാങ്ങി മറ്റു കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന കോഴിക്കോട് നഗരസഭയുടെ നടപടി അപലപനീയമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കോഴിക്കോട് സിവിൽ സ്റ്റേഷൻ വളപ്പിലെ കാന്റീന് സമീപമുള്ള ഓവുചാലിൽ നിന്നുള്ള മലിനജലം സമീപത്തെ വീടുകളിലേക്കും ജലസ്രോതസുകളിലേക്കും ഒഴുകിയെത്തുന്നുവെന്ന പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിരീക്ഷണം. മുപ്പതോളം കുടുംബങ്ങൾ ഇതുവഴിയുള്ള ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

കമ്മീഷൻ നഗരസഭാ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. സിവിൽ സ്റ്റേഷനിൽ ജില്ലാ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിലുള്ള കുടുംബശ്രീ കാന്റീനെതിരെയാണ് പരാതിയെന്ന് റിപ്പോർട്ടിൽ പറയുന്നു. കാന്റീന് ലൈസൻസില്ലാത്തതിനാൽ അടച്ചുപൂട്ടൽ നോട്ടീസ് നൽകിയെങ്കിലും ജില്ലാകളക്ടറുടെ നിർദ്ദേശാനുസരണം സാവകാശം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന് കെട്ടിട നമ്പർ ലഭിക്കാത്തതു കാരണമാണ് കാന്റീനിന് ലൈസൻസ് ലഭ്യമാക്കാൻ കഴിയാത്തതെന്ന് ജില്ലാകളക്ടർ അറിയിച്ചു.

കാന്റീനിൽ മലിനീകരണ സംസ്ക്കരണത്തിന് പുതിയ ടാങ്ക് നിർമ്മിക്കുന്നതുവരെ മലിനജലം പമ്പു ചെയ്ത് ഒഴിവാക്കുന്നതിന് കാന്റീൻ സംരംഭകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശം നടപ്പിലാക്കാൻ കുടുംബശ്രീ മിഷന് ചുമതല നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ശുചിത്വ നഗരം എന്ന് ഉദ്ബോധിപ്പിക്കുന്ന അധികൃതർ അതിന് കടകവിരുദ്ധമായി പ്രവർത്തിക്കുന്നത് തീർത്തും ലജ്ജാകരമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കാന്റീനിലെ മലിനജലം സംബന്ധിച്ച തർക്കം ഇതിനകംപരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ 2 മാസത്തിനുള്ളിൽ ശാശ്വതമായ പരിഹാരം കാണണമെന്ന് കമ്മീഷൻ കോഴിക്കോട് ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകി. ജില്ലാഭരണകൂടം അപ്രകാരം പ്രവർത്തിച്ചില്ലെങ്കിൽ യാതൊരുവിധ പരിഗണനയും നൽകാതെ കാന്റീൻ അടച്ചുപൂട്ടുന്നതിന് കോഴിക്കോട് നഗരസഭാ സെക്രട്ടറി നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

ജില്ലാകളക്ടറും നഗരസഭാ സെക്രട്ടറിയും സ്വീകരിച്ച നടപടികൾ 2 മാസത്തിനുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പൊതു പ്രവർത്തകനായ എ സി. ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close