
കോഴിക്കോട്: നഗരത്തിൽ കോഴിക്കടകളിൽ നിന്ന് വൻ തോതിൽ ചത്ത കോഴികളെ കണ്ടെത്തിയ സാഹചര്യത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും മൃഗ സംരക്ഷണവകുപ്പും ചേർന്ന് പരിശോധന ഊർജിതമാക്കും. മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനം. എം.സി.അനിൽകുമാറിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കലിനെ തുടർന്നാണ് തീരുമാനം. എരഞ്ഞിക്കൽ കടയിൽ നിന്ന് രൂക്ഷ ഗന്ധമുയർന്നതിനെ തുടർന്ന് കൗൺസിലർ അറിയിച്ച പ്രകാരം നടത്തിയ പരിശോധനയിൽ 142 പെട്ടികളിൽ 3200 ഓളം കിലോ വരുന്ന 1500 ഓളം ചത്ത കോഴികളെയാണ് കണ്ടെടുത്തതെന്ന് ഹെൽത് ഇൻസ്പെക്ടർ ഷജിൽ കുമാർ കൗൺസലിനെ അറിയിച്ചു. വെറ്റിറനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ബാക്ടീരിയ ബാധയുള്ളതായി കണ്ടു. കോഴിമാലിന്യം നീക്കം ചെയ്യുന്ന ഫ്രഷ് കട്ട് എന്ന ഏജൻസിയെ വിളിച്ച് വരുത്തി ശാസ്ത്രീയമായി സംസ്ക്കരിക്കാൻ നടപടിയെടുത്തു. ഷർവർമ ഉണ്ടാക്കാനുള്ള മെഷീനും കടയിൽ കണ്ടെത്തി. രാത്രി തന്നെ എല്ലാ ഹെൽത് സർക്കിളിലും പരിശോധന നടത്താൻ നിർദ്ദേശം നൽകി. രാത്രി അന്ന് തന്നെ18 കടകളിൽ പരിശോധന നടത്തി. വെള്ളിയാഴ്ച വരെ മൊത്തം 165 സ്ഥാപനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പരിശോധന നടന്നു. ചത്തവയെ കണ്ടെത്തിയ കടകൾ അടച്ച് പൂട്ടി. ഉടമക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ തുടങ്ങി. എരഞ്ഞിക്കൽ കുറ്റം കണ്ടെത്തിയ സി.പി.റഷീദിന്റെ ഉടമസ്ഥതയിൽ നടക്കാവിലുള്ള കട വെള്ളിയാഴ്ച രാവിലെ പരിശോധിച്ചതിൽ രണ്ട് പെട്ടിയിൽ 80 കിലോ വരുന്ന 40 ചത്ത കോഴികളെ കണ്ടെത്തി. ഒരു കോഴിക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. പോസ്റ്റ് മോർട്ടം ചെയ്തതിൽ അണുബാധയുള്ളതായി കണ്ടെത്തി. ഈ കടകളും അടച്ച് പൂട്ടി. കോർപറേഷൻ ഒറ്റക്കുള്ള പരിശോധനക്ക് പകരം മൂന്ന് ഏജൻസികളും ചേർന്ന് തുടർച്ചയായി പരിശോധന നടത്തുകയാണ് ലക്ഷ്യം. അസുഖം ബാധിച്ചവയെ കൊണ്ട് വരുന്നത് തടയാൻ നടപടിയുണ്ടാവും. വെള്ളം കിട്ടാതെ ഭക്ഷണം തൊണ്ടയിൽ കെട്ടിക്കിടന്നാണ് അണുബാധയുണ്ടായി ചത്തതെന്നാണ് നിഗമനമെന്ന കോർ പറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.എസ്.ജയശ്രീ പറഞ്ഞു. കർശനമായ നിയമ നടപടികളെടുക്കാൻ സർക്കാറിനോട് കൗൺസിൽ ആവശ്യപ്പെടുന്നതായി മേയർ അറിയിച്ചു. കെ.മൊയ്തീൻ കോയ, എടവഴിപ്പീടികയിൽ സഫീന, വി.പി.മനോജ്, എസ്.എം.തുഷാര, ടി.മുരളീധരൻ, അൽഫോൻസ മാത്യു, എൻ.സിഋമായിൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.തിരുവനന്ത പുരത്ത് താത്ക്കാലിക നിയമന വിവാദമുണ്ടായ സാഹചര്യത്തിൽ കോഴിക്കോട് നഗരസഭയിലും താത്ക്കാലിക പിൻ വാതിൽ നിയമനം നടക്കുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ്. ഇക്കാര്യത്തിൽ അടിയന്തര നടപടികാവശ്യപ്പെട്ട് ലീഗ് നേതാവ് കെ.മൊയ്തീൻ കോയ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചു. പിൻ വാതിൽ നിയമനം നടക്കുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രമേയത്തിന് അടിയന്തര സ്വഭാവമില്ലെന്നും കണ്ടെത്തിയാണ് മേയറുടെ നടപടി. കൗൺസിൽ യോഗത്തിൽ കരാർ നീട്ടിക്കൊടുക്കാനും താത്ക്കാലിക നിയമനം നടത്താനുമുള്ള വിവിധ അജണ്ടകളിൽ യു.ഡി.എഫ് വിയോജിപ്പ് രേഖപ്പെടുത്തിയ ശേഷമാണ് പാസാക്കിയത്. നിലവിൽ കരാർ ജീവനക്കാർ 95വും ദിവസ വേതനക്കാർ 29 ഉം മാത്രമാണെന്ന് മേയർ പറഞ്ഞു. പിൻവാതിൽ നിയമനം നടത്തിയെന്ന ആരോപണം തെറ്റാണ്. പത്രപരസ്യം നൽകിയും എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയുമാണ് കൗൺസിൽ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയത്. പ്രതിപക്ഷ
നേതാവ് കെ.സി.ശോഭിയത, ബി.ജെ.പിയിലെ ടി. റനീഷ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.കല്ലായിപ്പാലത്തിന്
ജില്ലാ ആസ്ഥാനമായ കോഴിക്കോട് കലക്ടറേറ്റിലെ അതിഗുരുതര മാലിന്യ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് നഗരസഭാ കൗൺസിൽ യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു. എം.എൻ. പ്രവീൺ, വി.പ്രസന്ന എന്നിവരാണ് ഇതു സംബന്ധിച്ച് ശ്രദ്ധ ക്ഷണിച്ചത്. വിവിധ ഓഫീസുകളിലായി മൂവായിരത്തിലധികം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കയാണ്. ഹരിത മിഷന്റെ ഓഫിസടക്കം ഉണ്ടെങ്കിലും പലപ്പോഴും ജൈവ- അജൈവ മാലിന്യങ്ങൾ ഒരുമിച്ച് കൂട്ടിയിട്ട് കത്തിക്കുന്നു. ഇതിനായി ഉടൻ ജില്ലാ കളക്ടറേയും ആർഡിഒ യേയും ഉൾപ്പെടുത്തി അടിയന്തിര യോഗം വിളിക്കണമെന്ന ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദിന്റെ നിർദ്ദേശം കൗൺസിൽ അംഗീകരിച്ചു. മെഡിക്കൽ കോളജിലെ റിംഗ് റോഡ് മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള 12 മീറ്ററാക്കിമാറ്റണമെന്ന് കെ.സി..ശോഭിത ശ്രദ്ധ ക്ഷണിച്ചു. വാട്ടർ അതോറിട്ടി പൊതുടാപ്പ് കട്ടുചെയ്യുന്നതിനെപ്പറ്റി എൻ.സി.മോയിൽ കുട്ടിയും ഓമന മധുവും ശ്രദ്ധ കാണിച്ചു. വി.കെ. മോഹൻദാസ്, വി.പി. മനോജ്, അൽഫോൻസ മാത്യു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു. കോർപറേഷൻ ഓഫീസ് നവീകരിക്കാൻ മൂന്ന് പദ്ധതികളിലായി 7.41 കോടി രൂപയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസ്സെറ്റിക്ക് നൽകിയയെതന്നും മൊത്തം 15 കോടിയുടെ പ്രവൃത്തിയാണ് നടക്കുന്നതെന്നും മേയർ അറിയിച്ചു. എൻ.സി.അബൂബക്കർ കൊണ്ടുവന്ന ചോദ്യങ്ങൾ അദ്ദേഹത്തിന്റെ അഭാവത്തിൽ എൻ.സി.സുധാമണിയാണ് കൗൺസിലിൽ ഉന്നയിച്ചത്.