KERALAlocaltop news

‘ പ്രേമത്തിലെ മലരാ’ യി എല്ലാം മറന്ന് കാമുകൻ : ഒന്നും മറക്കാതെ യുവതി !- യുവതിയെ പീഡിപ്പിച്ച യുവാക്കളെ വീഴ്ത്തി പോലീസ്

കോഴിക്കോട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാക്കൾ പിടിയിൽ. ചെറുവണ്ണൂർ, കൊളത്തറ നിഹാദ് ഷാൻ (24),മലപ്പുറം വാഴയൂർ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് പിടിയിലായത്.

കന്യാകുമാരി സ്വദേശിനിയായ യുവതിയെയാണ് കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും
പണം തട്ടുകയും ചെയ്തത്.

സോഷ്യൽ മീഡിയ വഴിയാണ് നിഹാദ് ഷാൻ യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് ഇവർ അടുത്തു. വിവിധ സ്ഥലത്ത് താമസിക്കുകയും ചെയ്തു. വിവാഹ ആവശ്യം മുന്നോട്ട് വെച്ച യുവതിയോട് മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളു എന്ന് ഷാൻ ആവശ്യപ്പെടുകയായിരുന്നു. യുവതി വിസമ്മതിച്ചതിനെ തുടർന്ന് ബന്ധത്തിൽ നിന്ന് ഒഴിയാൻ നിർബന്ധിച്ചു. എന്നാൽ ഇതിന് യുവതി തയ്യാറായില്ല. തുടർന്നാണ് പ്രേമം സിനിമ കഥ അനുകരിച്ചു തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടത്.

പ്രതിയ്ക്ക് അപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റി എന്നും ഓർമ്മശക്തി നഷ്ടപ്പെട്ടുവെന്നും യുവതിയെ അറിയിച്ചു. യുവതിയെ തനിക്ക് ഓർമ്മയില്ലെന്നും, കഴിഞ്ഞ് പോയ കാര്യങ്ങൾ ഒന്നും തന്നെ ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്നും ഷാൻ സുഹൃത്തുക്കൾ മുഖേന അറിയിച്ചു. തുടർന്ന് യുവതി അവർ ഒരുമിച്ചുള്ള ഫോട്ടോയും, വീഡിയോയും അയച്ച് കൊടുത്തു. എന്നാൽ പ്രതിക്ക് ഒന്നും ഓർമ്മയിൽ വരുന്നില്ലെന്നാണ് സുഹൃത്തുക്കൾ അറിയിച്ചത്.

നിഹാദ് ഷാൻ്റെ സുഹൃത്തായ മുഹമ്മദ് ജുനൈദ് പ്രതി ഗുരുതര പരിക്ക് കളോടെ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന് പറഞ്ഞ്
യുവതിയെ നേരിൽ സമീപിച്ചു. പെരിന്തൽമണ്ണയിലേക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോയമ്പത്തൂർക്ക് കൊണ്ട് പോയി.എന്നാൽ മലയാളം അറിയാത്ത യുവതിക്ക് തമിഴ് ബോർഡുകൾ കാണാൻ തുടങ്ങിയതോടെ, താൻ തമിഴ്നാട്ടിലാണ് എത്തിപ്പെട്ടതെന്നും തന്നെ ചതിക്കുകയാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ബഹളം വെച്ചപ്പോൾ തിരിച്ച് പോകാമെന്ന് പറഞ്ഞ് ജുനൈദ് വാഹനം തിരിച്ചു. എന്നാൽ രാത്രി തേഞ്ഞിപ്പാലത്ത് എത്തിയപ്പോൾ ഇനി യാത്ര പ്രയാസമാണെന്നും, ഇനിയും കുറേ ദൂരം പോവാനുണ്ടെന്നും മറ്റും പറഞ്ഞ് യുവതിയെ തെറ്റിദ്ധരിപ്പിച്ച് കാക്കഞ്ചേരിയിലെ ഹോട്ടലിൽ എത്തിച്ചു.

അവിടെ വെച്ച് മുഹമ്മദ് ജുനൈദ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ബഹളം വെച്ച് പുറത്തേക്കോടിയ യുവതിയെ ഇനി ഉപദ്രവിക്കില്ലെന്നും തെറ്റ് പറ്റിയതാണെന്നും പറഞ്ഞ് അനുനയിപ്പിച്ചു. മുറിയിൽ കയറാതെ യുവതി ഹോട്ടൽ വരാന്തയിലിരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു.

പിന്നീടാണ് ഇതെല്ലാം നിഷാദ് ഷാൻ കൂട്ടുകാരുമൊത്ത് നടത്തിയ നാടകമാണെന്നും, കോയമ്പത്തൂരിൽ കള്ളനോട്ട് കേസിലെ പ്രതിയായ മുഹമ്മദ് ജുനൈദ് കേസിൻ്റെ ആവശ്യത്തിന് കോയമ്പത്തൂരിൽ എത്തിയതാണെന്നും മനസ്സിലായത്. പിന്നീട് സഹോദരിയുമൊത്ത് നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പഴയ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് 12 ഓളം പുതിയ സിമ്മുകൾ മാറി മാറി ഉപയോഗിച്ച് പോലീസിൻ്റെ അന്വേഷണം പ്രതികൾ വഴിതെറ്റിക്കുകയും ഡൽഹി, എറണാകുളം, പാലക്കാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.
അന്വേഷണത്തിൽ പ്രതികൾ നാട്ടിൽ എത്തിയതറിഞ്ഞ പോലീസ് പിടികൂടുകയായിരുന്നു.
നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കൈലാസ് നാഥ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം. വി. ശ്രീകാന്ത്, ഹരീഷ് കുമാർ.സി. ,സജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ലെനീഷ്, ബബിത്ത് കുറുമണ്ണിൽ, ശാലിനി ചെറിയ അരീക്കര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close