ദുബൈ ; യുഎഇയിൽ സന്ദർശക വീസ പുതുക്കുന്നതിന് രാജ്യം വിടണമെന്ന നിയമം കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തിൽ വന്നത് . കൊവിഡ് സമയത്ത് രാജ്യത്തിനകത്ത് നിന്ന് തന്നെ വീസ പുതുക്കുന്നതിനായി അപേക്ഷ നൽകാമായിരുന്നു. എന്നാൽ പെട്ടന്ന് ഈ നിയമം മാറ്റിയതോടെ സന്ദർശക വീസയിൽ രാജ്യത്തെത്തുന്നവർ ആകെ പെട്ടിരിക്കുകയാണ്. അയൽ രാജ്യത്തെയാണ് പലരും വീസ പുതുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിനായി ആശ്രയിക്കുന്നത്. അയൽ രാജ്യങ്ങളിലേക്കു പോകുന്നതിനുള്ള നിരക്കും തിരക്കും വർധിച്ചതോടെ ബസിൽ ടിക്കറ്റ് കിട്ടാതാകുകയും വിമാന ടിക്കറ്റിനും വൻ നിരക്ക് ഈടാക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ നെട്ടോട്ടത്തിലാണ് ജനങ്ങൾ.രാജ്യം വിടാതെ തന്നെ വീസ മാറാനുള്ള സൗകര്യംദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ വീസക്കാർക്ക് കഴിഞ്ഞ ദിവസം നിർത്തലാക്കിയിരുന്നു. ഇതോടെയാണ് വീസാ കാലാവധി തീരാറായവർ രാജ്യം വിടാൻ നിർബന്ധിതരായിരിക്കുന്നത്. ഇവർ മാതൃ രാജ്യത്തേക്കോ അയൽ രാജ്യങ്ങളിലേക്കു പോയി വീസ പുതുക്കിയ ശേഷം മാത്രമാണ് ഇനി രാജ്യത്തേക്ക് എത്താൻ കഴിയുക. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കുത്തനെ കൂടിയതിനാൽ ബസിൽ എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഒമാനിലേക്കാണ് കൂടുതൽ പേരും പോകുന്നത്. ട്രാവൽ, ടൂറിസം കമ്പനികളുടെ നേതൃത്വത്തിലുള്ള ചാർട്ടർ ബസ് പാക്കേജാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ഇരു വശത്തേക്കുമുള്ള ബസ് ടിക്കറ്റ്, വീസ, ഒമാനിൽ തങ്ങാനുള്ള സൗകര്യം, എക്സിറ്റ് ഫീസ് ഉൾപ്പെടെ 950 ദിർഹം വരെയാണ് ചെലവ് വരുന്നത്. യാത്ര വിമാനത്തിലാണെങ്കിൽ ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെ 1200 ദിർഹം ആണ് ചെലവ്. ബസ്സിൽ ടിക്കറ്റ് കിട്ടാതാകുകയും വീസ കാലാവധി തീരാറാകുകയും ചെയ്തവർ വിമാനത്തിൽ തന്നെ പോകാൻ നിർബന്ധിതരാകുകയാണ്. കൂടാതെ നിരവധി പേർ സ്വന്തമോ പരിചയക്കാരുടെയോ വാഹനമോടിച്ച് ഒമാനിലേക്ക് പോകുന്നുണ്ട്.
അപേക്ഷകരുടെ എണ്ണം വർധിച്ചതോടെ വീസ ലഭിക്കാനും കാലതാമസം നേരിടുന്നുണ്ട്. വീസ കിട്ടുന്നതുവരെ ഒമാനിലെ ഹോട്ടലിൽ തങ്ങുന്നതിന് ദിവസത്തിൽ 100 ദിർഹം വീതം അധികം നൽകണം. നേരത്തെ ദിവസേന 7 സ്വകാര്യ ബസുകളാണ് യുഎഇയിൽനിന്ന് ഒമാനിലേക്ക് സർവീസ് നടത്തിയിരുന്നത്. തിരക്കു കൂടിയതോടെ 15 ആക്കി വർധിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ബസ്സിൽ സീറ്റ് കിട്ടാത്ത അവസ്ഥയാണ്.