കരിപ്പൂർ: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി 19 കാരി പിടിയില്‍ . 1.884 കിലോ സ്വർണ്ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി ഷഹലയെ (19) വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് പാക്കറ്റുകളാക്കി സ്വർണ്ണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ ഒരു കോടി രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. ഞായറാഴ്ച രാത്രി പത്തരക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സപ്രസിലാണ് യുവതി എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തിയ യുവതിയെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്തുവെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്ന മറുപടികളായിരുന്നു യുവതിയുടെ പക്കൽ നിന്ന് ലഭിച്ചത്. തുടർന്ന് ലഗേജ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതിലും പോലീസിന് ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ശേഷം യുവതിയുടെ ദേഹപരിശോധനയിൽ, അടിവസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളിലായി തുന്നിച്ചേർത്ത് ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വർണ്ണക്കടത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും, അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും.
Related Articles
September 21, 2022
188