കോഴിക്കോട് :
ബഫർ സോൺ (ESZ) വിഷയത്തിൽ സർക്കാർ പുറത്തുവിട്ട മൂന്നാമത്തെ മാപ്പിൽ കടുത്ത പ്രതിഷേധവുമായി കിഫ. കിഫയുടെ പ്രതികരണം
ഓണപ്പതിപ്പ് ക്രിസ്മസ് പതിപ്പ് ന്യൂ ഇയർ പതിപ്പ് എന്നപോലെ വ്യത്യസ്ത മാപ്പുകൾ പുറത്തുവിട്ടുകൊണ്ട് ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാകുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്ന് ചെയർമാൻ അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു.
ഇന്നലെ പുറത്തു വിട്ടിരിക്കുന്ന മൂന്നാമത്തെ മാപ്പിൽ പരാതി അയക്കാൻ കൊടുത്തിരിക്കുന്ന ഇമെയിൽ പോലും പ്രവർത്തനം രഹിതമാണ്. eszforest@kerala.gov.in എന്ന ഇമെയിൽ ഐഡിയിൽ ജനുവരി 7 പരാതികൾ അറിയിക്കാനാണ് സർക്കാർ വെബ്സൈറ്റിൽ നിർദ്ദേശം ഉള്ളത്. എന്നാൽ പ്രസ്തുത ഇമെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുമ്പോൾ അങ്ങനെ ഒരു മെയിൽ ID നിലവിലില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. ആയതിന്റെ സ്ക്രീൻ ഷോട്ട് ഇതോടൊപ്പം ചേർക്കുന്നു.
സീറോ പോയിന്റ് മാപ്പ് എന്ന പേരിൽ സർക്കാർ രണ്ടാമത് പുറത്തുവിട്ട രണ്ടാമത്തെ മാപ്പിലും ആദ്യം പുറത്തു വിട്ട ഒരു കിലോമീറ്റർ മാപ്പിലും eszexpertcommittee@gmail.com എന്ന ഇ മെയിൽ ID ആയിരുന്നു പരാതി അയക്കാനായി നൽകിയിരുന്നത്. ആ ഇമെയിൽ ഐഡിയിലേക്കാണ് ഇതുവരെ ആയിരക്കണക്കിന് പരാതികൾ നാട്ടുകാർ അയച്ചതും. എന്നാൽ മൂന്നാമത്തെ മാപ്പ് പുറത്തുവിട്ടപ്പോൾ ഇമെയിൽ ഐഡി എക്സ്പെർട്ട് കമ്മിറ്റിക്ക് പകരം വനംവകുപ്പിന്റെ ഈമെയിൽ ഐഡി ആണ് നൽകിയത്. അതു പ്രവർത്തനം രഹിതവും ആണ്. പരാതി അയക്കാനുള്ള ഈമെയിൽ ഐഡി പോലും കൃത്യമായി നൽകാൻ പറ്റാത്ത സർക്കാർ റിപ്പോർട്ടുകളിൽ എന്തുമാത്രം കൃത്യത ഉണ്ടാകുമെന്ന് കാര്യത്തിൽ ആശങ്കയുണ്ടെന്ന് കിഫ ചെയർമാൻ പ്രസ്താവിച്ചു.
സീറോ പോയിന്റ് ആണ് എന്ന അവകാശവാദത്തോടുകൂടി സർക്കാർ ഇന്നലെ പുറത്തുവിട്ട മൂന്നാമത്തെ മാപ്പിലും നിരവധി ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. നൽകിയിരിക്കുന്ന സർവ്വേ നമ്പരുകൾ വനത്തിന് അകത്താണോ പുറത്താണോ എന്ന് മനസിലാകുന്നില്ല എന്നു മാത്രമല്ല ഇടുക്കി ജില്ലയിൽ മാങ്കുളം എന്ന പഞ്ചായത്ത് തന്നെ ഈ മാപ്പിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. കുട്ടമ്പുഴ പഞ്ചായത്തിന്റെ അതിർത്തിയായി ഈ മാപ്പിൽ കൊടുത്തിരിക്കുന്നത് ഇടമലക്കുടി പഞ്ചായത്ത് ആണ്. രണ്ടായിരത്തിൽ നിലവിൽ വന്ന മാങ്കുളം പഞ്ചായത്ത് ഈ മാപ്പിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. അതിനർത്ഥം 2000ത്തിനു മുമ്പുള്ള വിവരങ്ങൾ ഉപയോഗിച്ചിട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന മാപ്പുകൾ തയ്യാറാക്കിയത് എന്നാണ്.
എന്നുമാത്രമല്ല ഒരു കിലോമീറ്റർ പരിധിയിൽ ഉള്ള നിർമിതികളുടെ കണക്കെടുക്കണം എന്ന് കൃത്യമായിട്ടുള്ള സുപ്രീംകോടതി വിധിയുള്ളപ്പോൾ എന്തിനാണ് സീറോ പോയിന്റ് എന്നും പറഞ്ഞ് കേരള സർക്കാർ പുതിയ മാപ്പ് കൊടുത്തുവിടുകയും അതിൽ ആക്ഷേപം ഉള്ളവർ പരാതി അറിയിക്കണം എന്ന് പറഞ്ഞ് ഇ മെയിൽ കൊടുത്തിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സർക്കാർ ചെയ്യേണ്ടത് സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള മുഴുവൻ നിർമ്മിതികളുടെയും കൃത്യമായി കണക്കെടുക്കുകയും അത് സുപ്രീംകോടതിയിലും CEC യിലും സമയബന്ധിതമായി സമർപ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ വന്യജീവി സങ്കേധങ്ങൾക്കും ഇളവ് നേടിയെടുക്കുകയും ചെയ്യുക എന്നുള്ളതാണ്.
ഇതാണ് യാഥാർത്ഥ്യം എന്നിരിക്കെ ആളുകളെ കൂടുതൽ ആശയക്കുഴപ്പത്തിലേക്ക് തള്ളി വിടുന്ന പുതിയ മാപ്പുകൾ ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കിഫ ശക്തമായി ആവശ്യപ്പെടുന്നു
ടീം കിഫ