കൽപ്പറ്റ : കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള പ്രധാന പാതയായ എൻ.എച്ച്.766 ൽ താമരശ്ശേരി ചുരത്തിൽ വിശേഷ ദിവസങ്ങളിലും മറ്റും വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഗതാഗത തടസം പൂർണ്ണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇവിടെ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ഗതാഗത തടസം ഒഴിവാക്കാൻ ചുരം സംരക്ഷണ സമിതിയുടെയും പ്രദേശവാസികളുടെയും മറ്റ് സന്നദ്ധപ്രവർത്തകരുടെയും സേവനം ലഭ്യമാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
വയനാട് , കോഴിക്കോട് ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവിമാരും പ്രായോഗികവും ഫലപ്രദവുമായ സംവിധാനം കണ്ടെത്തി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർമാരും ജില്ലാപോലീസ് മേധാവിമാരും 15 ദിവസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം.
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നിത്യ സംഭവമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വിശേഷ ദിവസങ്ങളിൽ അഞ്ചും അതിലേറെ മണിക്കൂറുകളും ഗതാഗതം തടസ്സപ്പെടും. സ്ത്രീകളും കുട്ടികളും രോഗികളും എയർപോർട്ട് തീവണ്ടി യാത്രക്കാരും ദുരിതം അനുഭവിക്കുന്നത് പതിവാണ്. സ്ത്രീകൾക്കും പ്രായമായവർക്കും പ്രാഥമിക കൃത്യം പോലും നിർവഹിക്കാനാവാതെ യൂറിനറി ഇൻഫക്ഷൻ പോലുള്ള അസുഖങ്ങൾ ബാധിക്കുന്നത് പതിവാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
സുൽത്താൻ ബത്തേരി നഗരസഭാ മുൻ ചെയർമാൻ ടി.എൽ സാബു സമർപ്പിച്ച പരാതിയിലാണ് നടപടി. ഉത്തരവിനെ വയനാട് ടൂറിസം അസോസിയേഷൻ (WTA) സ്വാഗതം ചെയ്തു.